അമേരിക്കയുടെ ആന്ത്രോപിക് ഫേബിൾ വിലക്കിന് മറുപടി; കോഡിങ് രംഗത്തെ ചൈനീസ് പുലി രംഗത്ത്

ചൈനീസ് കമ്പനിയായ സിപൂ എഐ പുറത്തിറക്കിയ 'GLM-5.2' എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ ആഗോള ടെക് ലോകത്ത് വലിയ തരംഗമാവുന്നു. മുൻപ് 'ഡീപ്സീക്ക്' എന്ന ചൈനീസ് മോഡൽ പുറത്തിറങ്ങിയതിന് സമാനമായ തരംഗമാണ് 'GLM-5.2' സൃഷ്ടിക്കുന്നത്.
അമേരിക്കയ്ക്കുള്ള ഉടനടി മറുപടി കൂടിയാണ് ജിഎൽഎം നൽകുന്നത്. യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ആന്ത്രോപിക് തങ്ങളുടെ 'ഫേബിൾ 5' മോഡൽ ഉപയോഗിക്കുന്നതിൽ നിന്ന് വിദേശ ഉപയോക്താക്കൾക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെയാണ് ചൈനീസ് കമ്പനി GLM-5.2 പുറത്തിറക്കിയത്.
അമേരിക്കൻ ആധിപത്യമുള്ള എഐ രംഗത്ത് ശക്തമായ കടന്നുകയറ്റമാണ് ബീജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിപൂ എഐ (Zhipu AI) പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ Z.ai എന്നറിയപ്പെടുന്ന കമ്പനി ജൂൺ 13-നാണ് GLM-5.2 പുറത്തിറക്കിയത്. എഐ രംഗത്ത് അമേരിക്കൻ കുത്തക തകർക്കാൻ പോരുന്ന ഒന്നായാണ് വിപണി ഇതിനെ വിലയിരുത്തുന്നത്.
കോഡിങ് രംഗത്തെ ചൈനീസ് പുലി
ഡെവലപ്പർമാർക്കും പ്രോഗ്രാമർമാർക്കും ദിവസേനയുള്ള കോഡിംഗ് ആവശ്യങ്ങൾക്ക് വിശ്വസ്തതയോടെ ഉപയോഗിക്കാൻ പറ്റിയ ഒരു 'ഡെയ്‌ലി ഡ്രൈവർ' ആണിത്. പ്രത്യേകിച്ച് ഫ്രണ്ട്-എൻഡ് കോഡിംഗ് ശേഷിയിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ചൈനീസ് മോഡൽ.
ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും മുൻനിര മോഡലുകൾ ഉപയോഗിക്കാൻ വൻ തുക ചിലവാകുമ്പോൾ, GLM-5.2 അതിനേക്കാൾ ഏകദേശം 48% കുറഞ്ഞ ചിലവിൽ ലഭ്യമാണ്. മാത്രമല്ല, ഇതിന്റെ ഭൂരിഭാഗം കോഡും 'ഓപ്പൺ-വെയ്റ്റ്' ആയി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതിനാൽ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ഇത് വലിയൊരു അനുഗ്രഹമാണ്.
ആവശ്യക്കാർ കൂടിയതോടെ എല്ലാവർക്കും ഒരേപോലെ വേഗത്തിൽ ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ സർവറുകളുടെ കുറവ് ചൈനീസ് കമ്പനിയായ സിപൂ എഐ നേരിടുന്നുണ്ട്. ചില സമയങ്ങളിൽ ഒരു ചെറിയ കാര്യത്തിന് വേണ്ടി മറ്റ് യുഎസ് മോഡലുകളേക്കാൾ ഇരട്ടി ടോക്കണുകളും മെമ്മറിയും ഇത് ഉപയോഗിക്കുന്നു എന്ന പരാതിയും ഉണ്ടായി. എന്നാൽ കുറഞ്ഞ ചിലവിൽ പ്രീമിയം ക്വാളിറ്റി കോഡിംഗ് എഐ തിരയുന്നവർക്ക് നിലവിൽ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് GLM-5.2. അതുകൊണ്ട് തന്നെയാണ് ഇതൊരു 'ഡീപ്സീക്ക് മൂവ്മെന്റ്' പോലെ ടെക് ലോകത്തെ പിടിച്ചുകുലുക്കുന്നത്.
Related News
മെറ്റാ പ്ലാറ്റ്‌ഫോംസിന്റെയും ഗൂഗിൾ ഡീപ്മൈൻഡിന്റെയും വൈസ് പ്രസിഡന്റ് ആയിരുന്ന മാറ്റ് വെല്ലോസോ ഈ മോഡലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. താൻ ഒരു ദിവസം മുഴുവൻ GLM-5.2 ഉപയോഗിച്ചെന്നും, ആവശ്യത്തിന് മാത്രം സംസാരിച്ച് കൃത്യമായി ജോലി ചെയ്തുതരുന്ന മികച്ചൊരു മോഡലാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഓപ്പൺഎഐയുടെ പ്രൊപ്രൈറ്ററി മോഡലായ GPT-5.5-നേക്കാൾ കാര്യക്ഷമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രണ്ട്-എൻഡ് കോഡിംഗ് ശേഷി പരിശോധിക്കുന്ന പ്രമുഖ റാങ്കിംഗിൽ അമേരിക്കൻ കമ്പനിയായ ആന്ത്രോപിക്കിന്റെ 'ക്ലോഡ് ഫേബിൾ 5' ന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് GLM-5.2 നിലയുറപ്പിച്ചിരിക്കുന്നത്.










0 comments