ചെയർമാനെതിരെ എൽഡിഎഫ് പ്രതിഷേധം ; മരട് നഗരസഭയിൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ അനുവദിച്ചില്ല

മരട്
മരട് നഗരസഭാ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ അനുവദിക്കാതെ കൗൺസിൽ പിരിച്ചുവിട്ട ചെയർമാന്റെ നടപടിയിൽ എൽഡിഎഫ് പ്രതിഷേധിച്ചു. 2022–-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ 65ലധികം പരാമർശങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയാണ് കൗൺസിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് അജൻഡ പാസാക്കിയത്. നഗരസഭാ ചെയർമാന്റെ നടപടിയിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് എഴുതിനൽകുകയും ചെയ്തു.
നഗരസഭയുടെ വിവിധ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ വൻ ക്രമക്കേടുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. വാടകയ്ക്ക് നൽകിയിട്ടുള്ള വിവിധ സ്ഥാപനങ്ങളിൽനിന്ന് കൃത്യമായി വാടക പിരിക്കുന്നില്ല. വിവിധ അക്കൗണ്ടുകൾ സംബന്ധിച്ച് അവ്യക്തതകൾ നിലനിൽക്കുന്നു. പാസ്ബുക്കുകൾ പലതും കാണുന്നില്ല. കൃത്യമായി നികുതിപിരിക്കാതെ മാളുടമകൾക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിനെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. വിവിധ സ്വകാര്യ ടെലികോം കമ്പനികളുടെ ജിഐ പോളുകളുടെ എണ്ണം തിട്ടപ്പെടുത്താനോ എണ്ണത്തിനനുസരിച്ചുള്ള വാടക ഈടാക്കാനോ തയ്യാറായിട്ടില്ല. വർഷാവർഷം അഞ്ചുശതമാനം വർധന നടപ്പാക്കാത്തതുമൂലം നഗരസഭയ്‌ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നരവർഷം പൂഴ്ത്തിവച്ചശേഷമാണ് കൗൺസിലിൽ ഓഡിറ്റ് റിപ്പോർട്ട് അജൻഡയായി കൊണ്ടുവന്നത്. ചർച്ച ചെയ്യാൻ എൽഡിഎഫ് കൗൺസിലർമാർ തയ്യാറായപ്പോഴാണ് ചെയർമാൻ ഏകപക്ഷീയമായി കൗൺസിൽ യോഗം പിരിച്ചുവിട്ടതെന്ന് എൽഡിഎഫ് ആരോപിച്ചു.










0 comments