മഹാപ്രദർശനം സമാപിച്ചു

മഹാരാജാസ് കോളേജിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാലയത്തിന്റെ അക്കാദമിക് ശേഖരം പൊതുജനങ്ങൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ മഹാപ്രദർശനത്തിൽ രസതന്ത്രവിഭാഗത്തിലെ വിദ്യാർഥികൾ കവര് സംഭവിക്കുന്ന ബയോലൂമിനൻസ് പ്രതിഭാസമാതൃക രാസപ്രവർത്തനത്തിലൂടെ കാണിച്ചുതരുന്നു
കൊച്ചി
മഹാരാജാസ് കോളേജ് 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിലൊരുക്കിയ മഹാപ്രദർശനം സമാപിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള വിദ്യാര്‍ഥികളും പൂർവവിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെ മഹാരാജാസിലെ വിസ്മയലോകം കാണാനെത്തി. സമാപനദിവസം ഫിസിക്‌സ് വിഭാഗത്തിന്റെ സഹകരണത്തോടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മിസൈൽ ടെക്‌നോളജി പ്രദർശനവും ശ്രദ്ധേയമായി. വൈകിട്ട് നാലുവരെ നിശ്ചയിച്ചിരുന്ന പ്രദർശനം, സന്ദർശകരുടെ തിരക്കുമൂലം വൈകിട്ട് ആറിനാണ് സമാപിച്ചത്.
ഏഴ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള 1500-ഓളം ജീവിവർഗങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തെ ആദ്യ സുവോളജി മ്യൂസിയം പ്രധാന ആകർഷണമായി. കലാലയത്തിന്റെ അക്കാദമിക് ശേഖരത്തിലുള്ളവ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
അസമത്വത്തിന്റെ സാമ്പത്തിക പാഠങ്ങൾ അവതരിപ്പിച്ച് വിദ്യാർഥികൾ
ആയിരം വർഷങ്ങൾക്കുമുമ്പ് ലോകം എങ്ങനെയായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇന്ന് നമ്മൾ കാണുന്ന വികസിതരാജ്യങ്ങൾ അന്ന് ദരിദ്രമേഖലകളായിരുന്നുവെന്നും ഏഷ്യയും ആഫ്രിക്കയും ലോകത്തിന്റെ നെറുകയിലായിരുന്നുവെന്നും തെളിവുകൾസഹിതം സമർഥിച്ച് മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്രവിഭാഗം. കോളേജിന്റെ 150–-ാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനത്തിലാണ് വികസിതരാജ്യങ്ങളുടെ വളർച്ചയ്ക്കുപിന്നിലെ കോളനിവൽക്കരണത്തിന്റെയും ചൂഷണത്തിന്റെയും കഥകൾ ഒന്നാംവർഷ ബിഎ വിദ്യാർഥികൾ അവതരിപ്പിച്ചത്. സാമ്പത്തിക ചരിത്രകാരി പ്രൊഫ. ആഗ്നസ് മാഡിസണിന്റെ പഠനങ്ങളെ മുൻനിർത്തിയായിരുന്നു അവതരണം.
ആഗോള വരുമാനത്തിന്റെ 52 ശതമാനവും കേവലം 10 ശതമാനം വരുന്ന സമ്പന്നർ കൈക്കലാക്കുമ്പോൾ, താഴെത്തട്ടിലുള്ള 50 ശതമാനം പേർക്ക് ലഭിക്കുന്നത് വെറും 8.5 ശതമാനംമാത്രമാണ്. അമേരിക്കയുടെ നിലവിലെ സാമ്പത്തികനയങ്ങളും വെനസ്വേലപോലുള്ള രാജ്യങ്ങൾക്കെതിരെയുള്ള നീക്കങ്ങളും പഴയ ചരിത്രത്തിന്റെ ആവർത്തനമാണെന്ന് വിദ്യാർഥികൾ പറയുന്നു.










0 comments