ad
Deshabhimani

ഇന്നും നാളെയും

മഹാരാജാസിൽ വിസ്‌മയക്കാഴ്ചകളുടെ 
മഹാപ്രദർശനം

Maharajas Collage
വെബ് ഡെസ്ക്

Published on Feb 05, 2026, 02:30 AM | 1 min read


കൊച്ചി

മുട്ടയിടുന്ന ‘ഡക്ക്-ബിൽഡ് പ്ലാറ്റിപസ്’ സസ്‌തനിയെപ്പറ്റി കേട്ടിട്ടുണ്ടോ ? നദി വറ്റുമ്പോൾ ചെളിയിൽ കുഴിയുണ്ടാക്കി, ‘കൊക്കൂണി’നുള്ളിൽ മാസങ്ങളോളം ധ്യാനത്തിലിരിക്കുന്ന ‘ലങ്‌ഫിഷി’നെ കണ്ടിട്ടുണ്ടോ ?. മഹാരാജാസ്‌ കോളേജിന്റെ 150–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ക്യാമ്പസിലൊരുക്കുന്ന പ്രദര്‍ശനം കാത്തുവയ്‌ക്കുന്നത്‌ ഇത്തരം അപൂർവ വിസ്‌മയങ്ങളാണ്‌. സൂക്ഷ്‌മജീവികൾമുതൽ നീലത്തിമിംഗിലത്തിന്റെ തലയോട്ടിവരെ, കീടഭോജി സസ്യങ്ങൾമുതൽ അത്യപൂർവ സസ്യങ്ങൾവരെ, പുരാതന ലിഖിതശേഖരങ്ങൾ, അത്യപൂർവ ഉപകരണങ്ങൾ തുടങ്ങി ഓരോ ഗ്യാലറിയും വിസ്‌മയങ്ങളുടെ കലവറ തുറക്കും.


മഹാരാജാസിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ആല്‍ഫ്രഡ് ഫോബ്സ് സീലിയുടെ നേതൃത്വത്തിൽ ശേഖരിച്ച അപൂർവ ക‍ൗതുകങ്ങൾ പ്രധാന ആകർഷണമാകും. ഏഴ്‌ ഭൂഖണ്ഡങ്ങളിൽനിന്നുള്ള 1500ഓളം ജീവിവർഗങ്ങൾ ‘രാജ്യത്തെ ആദ്യ’ സുവോളജി മ്യൂസിയത്തിലുണ്ട്‌. പോളാർ വേൾഡ്‌, ജുറാസിക്‌ വേൾഡ്‌, അണ്ടർവാട്ടർ ഇക്കോസിസ്റ്റം, മനുഷ്യപരിണാമം തുടങ്ങിയ സസ്യശാസ്‌ത്ര–ജന്തുശാസ്‌ത്ര വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്‌.


വെളിച്ചത്തിന്റെ വേഗം അളക്കാൻ ഉപയോഗിച്ചിരുന്ന ബെയർഡ് ആൻഡ് ടാറ്റ്‌ലോക്ക് ഭ്രമണ ദർപ്പണ ഉപകരണം​, കൂളിഡ്‌ജ്‌ എക്സ്-റേ ട്യൂബ്​, സ്ഥിരവൈദ്യുതി സൃഷ്ടിക്കാൻ ഉപയോഗിച്ചിരുന്ന വിംഷർസ്റ്റ് യന്ത്രം, ഹെംഹോൾട്സ് ഗാൽവനോമീറ്റർ, ലേസർപ്രകടനങ്ങൾ​ തുടങ്ങിയവയാണ്‌ ഭ‍ൗതികശാസ്‌ത്രവിഭാഗത്തിലെ ‘ഹൈലൈറ്റ്‌സ്‌’. മൂലകങ്ങളുടെയും അപൂര്‍വ ധാതുക്കളുടെയും ശേഖരം, ആവര്‍ത്തനപ്പട്ടിക, രസതന്ത്ര മാജിക്, തത്സമയ പരീക്ഷണങ്ങൾ തുടങ്ങിയവ രസതന്ത്ര ലാബിലൊരുക്കിയിട്ടുണ്ട്‌. മുസിരിസ് പൈതൃക പ്രദർശനം, മീനച്ചിൽ പുരാവസ്‌തു പര്യവേഷണം തുടങ്ങിയവയാണ്‌ ആർക്കിയോളജി വിഭാഗത്തിലുള്ളത്‌. മലയാളവിഭാഗം ‘മഹാരാജാസും മലയാള സിനിമയും’ വീഡിയോ പ്രദർശനവും പൈതൃകമൂലയുമൊരുക്കും. വിഷ്വൽ മാത്തമാറ്റിക്സ്, ജ്യാമിതീയ ഉപകരണങ്ങൾ, വിവിധ ഗണിതമോഡലുകൾ കൗതുകകരമായ ഗെയിമുകൾ എന്നിവ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ഗ്യാലറിയിലുണ്ട്‌. ഭരണഘടന കോര്‍ണറും മെഹന്തി കോർണറും തത്സമയ മത്സരങ്ങളുമെല്ലാം മറ്റ്‌ ആകർഷണങ്ങളാണ്‌.


കലാലയത്തിന്റെ അക്കാദമിക് ശേഖരത്തിലുള്ളവ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടുത്തലാണ്‌ പ്രദർശനത്തിന്റെ ലക്ഷ്യം. വ്യാഴം രാവിലെ 10ന്‌ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home