അമ്മയുടെ കരളായി എഡ്വിൻ

കൊച്ചി
അമ്മയുടെ കരൾ പകുത്തുനൽകിയ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക്. ബിലിയറി അട്രീസിയ എന്ന അപൂർവ കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് എഡ്വിന് കരളേകിയത് അമ്മ ഇടുക്കി ആനക്കുളം സ്വദേശി അശ്വതി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.
നവജാതശിശുവിൽ നടത്തിയ മഞ്ഞപ്പിത്ത പരിശോധനയിലാണ് ഗുരുതര കരൾരോഗം കണ്ടെത്തിയത്. പിത്തവാഹിനി കുഴലിലെ തടസ്സമായിരുന്നു കാരണം. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകാതെവന്നതോടെ കരളിൽ പിത്തരസം അടിഞ്ഞ് ലിവർ സിറോസിസായി.
രാജഗിരി ആശുപത്രിയിലെ പരിശോധനയിൽ, കരൾ മാറ്റിവയ്‌ക്കുകയല്ലാതെ മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഉയർന്ന രക്തസമ്മർദം, തലച്ചോറിലെ രക്തസ്രാവം എന്നിവ ശസ്ത്രക്രിയക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും വിജയകരമായി കരൾ മാറ്റിവച്ചു. നേരത്തേ തലച്ചോറിലുണ്ടായ രക്തസ്രാവത്തിന് ന്യൂറോസർജറിക്ക് വിധേയനായത് പ്രക്രിയ കൂടുതൽ സങ്കീർണമാക്കിയെന്ന് ഡോ. ബിജു ചന്ദ്രൻ പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം കുഞ്ഞിനൊപ്പം അമ്മയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. അതിനാൽ, ലാപ്രോസ്കോപ്പിക് മാർഗം അവലംബിച്ച് ചെറിയ മുറിവിലൂടെയായിരുന്നു അശ്വതിയുടെ ശസ്ത്രക്രിയ നടത്തിയത്.
അനസ്തേഷ്യ, പീഡിയാട്രിക് ന്യൂറോളജി, ന്യൂറോസർജറി, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോക്ടർമാർക്കൊപ്പം ട്രാൻസ്‌പ്ലാന്റ് ഐസിയുവിലെ നഴ്സുമാരും എഡ്വിന്റെ പരിചരണത്തിൽ പങ്കാളികളായി. എഡ്വിന്റെ അച്ഛൻ റോജന്റെ ദിവസവേതനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് മാങ്കുളം പഞ്ചായത്തും നാട്ടുകാരും രാജഗിരി ആശുപത്രിയും കൈത്താങ്ങായി.










0 comments