ഇരുചക്രവാഹന തട്ടിപ്പ് "ഗുണം വിശദീകരിക്കാൻ' കുഴൽനാടൻ എംഎല്‍എ

പി ജി ബിജു
Published on Feb 11, 2025, 02:46 AM | 1 min read
മൂവാറ്റുപുഴ
ഇരുചക്രവാഹന വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ സംഘടിപ്പിച്ച ഗുണഭോക്തൃസംഗമത്തിൽ ഉദ്ഘാടകനായി എത്തിയത് മാത്യു കുഴൽനടൻ എംഎൽഎ. നാഷണൽ എൻജിയോസ് കോൺഫെഡറേഷന്റെ ഭാഗമായി രൂപീകരിച്ച സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ ഡവലപ്‌മെന്റ് സൊസൈറ്റിക്ക് (സീഡ്) കീഴിലുള്ളവരുടെ സമ്പൂർണ ഗുണഭോക്തൃസംഗമവും പദ്ധതി വിശദീകരണവും 2024 ജൂൺ 18നാണ് മൂവാറ്റുപുഴയിൽ സംഘടിപ്പിച്ചത്.
പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാങ്ങുന്നതിന് ഇവിടെയെത്തിയ ആയിരത്തിലേറെപ്പേർ ടോക്കണെടുത്തു. വാഹനങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. 60,000 രൂപ അടച്ചാൽ വാഹനങ്ങൾ വിതരണം ചെയ്യുമെന്നാണ് വാഗ്ദാനം നൽകിയത്. എന്നാൽ, പണം നൽകി ടോക്കൺ എടുത്ത ഭൂരിഭാഗംപേർക്കും ഇതുവരെ വാഹനം ലഭിച്ചില്ല.
എംഎൽഎയെ കൂടാതെ അന്ന് പായിപ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാത്യൂസ് വർക്കി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഉദ്ഘാടനവേദിയിലും സംഘാടകരായുമുണ്ടായിരുന്നു. വാഹനം ലഭിക്കാത്തതിനാൽ പദ്ധതിയുടെ പഞ്ചായത്തുതല കോ–-ഓർഡിനേറ്റർമാരും അവർക്കുകീഴിലെ പ്രൊമോട്ടർമാരും കുടുങ്ങി.
പദ്ധതി നടത്തിപ്പുകാരായ കോ–--ഓർഡിനേറ്റർമാരെ കഴിഞ്ഞദിവസം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പണമിടപാടുകളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒരോ പഞ്ചായത്തിലും വിവിധ പ്രൊമോട്ടർമാർക്കുകീഴിൽ നൂറിലേറെപ്പേർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ആദ്യം ചേർന്നവരിൽനിന്ന് അംഗത്വഫീസും വാർഷിക വരിസംഖ്യയുമുൾപ്പെടെ 320 രൂപയും ഗുണഭോക്തൃവിഹിതം 60,000 രൂപയുമാണ് വാങ്ങിയത്. പിന്നീട് ചേർന്നവരിൽനിന്ന് 5900 രൂപ അധികമായി വാങ്ങി. തിരക്കിയപ്പോൾ വിവിധ യോഗങ്ങൾ സംഘടിപ്പിച്ചതിന്റെ ചെലവുകൾക്കാണെന്നും പറഞ്ഞു.
170ൽ അധികം സന്നദ്ധ സംഘടനകളിലൂടെ നടപ്പാക്കിവരുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ 10,000ത്തിലധികം ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്‌തുവെന്നായിരുന്നു പരസ്യം. www.womenonwheels.online എന്ന വെബ്സൈറ്റും നൽകിയിരുന്നു. കൺസൾട്ടിങ് ഏജൻസിയായ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിന്റെ അക്കൗണ്ടിൽ പണം അടച്ച് വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്.










0 comments