മാറില്ല, കുന്നത്തുനാട് വികസനത്തിനൊപ്പം

പള്ളിമുകളിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പട്ടയം ലഭിച്ച കുടുംബങ്ങൾ സ്ഥാനാർഥി അഡ്വ. പി വി ശ്രീനിജിന് നൽകിയ സ്വീകരണം
എൻ കെ ജിബി
Published on Mar 30, 2026, 02:04 AM | 1 min read
കോലഞ്ചേരി
വികസനവും വർഗീയതയും മുഖ്യ ചർച്ചാവിഷയമാകുന്ന കുന്നത്തുനാട് മണ്ഡലം ഇത്തവണയും ഇടത്തോട്ടുതന്നെയെന്ന് ഉറപ്പിച്ചുകഴിഞ്ഞു. മണ്ഡലത്തിൽ അഞ്ചുവർഷംകൊണ്ട് 2331 കോടി രൂപയുടെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിന് വോട്ടർമാർക്കിടയിൽ അഭൂതപൂർവമായ പിന്തുണയാണ് ലഭിക്കുന്നത്.
പാവപ്പെട്ടവരെ കൈപിടിച്ചുയർത്തുന്ന ക്ഷേമപദ്ധതികളും നാടിന്റെ മുഖഛായ മാറ്റിയ അടിസ്ഥാനസൗകര്യ വികസനവും ശ്രീനിജിന്റെ വിജയസാധ്യത വർധിപ്പിക്കുന്നു. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണാൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. വർഷങ്ങളായി തകർന്നുകിടന്ന പട്ടിമറ്റം–- നെല്ലാട് റോഡ് 13.91 കോടി രൂപ ചെലവഴിച്ച് ആധുനികരീതിയിൽ പുനർനിർമിച്ച് നാടിന് സമർപ്പിച്ചു. ചൂണ്ടി–രാമമംഗലം, മണ്ണൂർ– -പോഞ്ഞാശേരി, എംഇഎസ് കവല–പോഞ്ഞാശേരി, മണ്ണൂർ–- ഐരാപുരം തുടങ്ങി പ്രധാന റോഡുകളെല്ലാം ബിഎംബിസി നിലവാരത്തിൽ നവീകരിച്ചു.
കോലഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപാസ് നിർമാണ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിച്ച സിന്തറ്റിക് ട്രാക്ക് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ആദ്യത്തേതാണ്. സ്മാർട്ട്‌ക്ലാസ് റൂമുകൾ, സ്കൂൾബസുകൾ, മിനി തിയറ്ററുകൾ എന്നിവ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടാക്കി. 248 കുടുംബങ്ങൾക്ക് പട്ടയം നൽകിയതും പട്ടികജാതി -വർഗ വിഭാഗങ്ങൾക്കായി 36 കോടി രൂപയുടെ വികസനപദ്ധതികൾ ആവിഷ്കരിക്കാനായതും നേട്ടമായി.

മണ്ഡലത്തിൽ ട്വന്റി-20യും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വോട്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി-20യെ സംഘപരിവാർ പാളയത്തിലെത്തിച്ചതിൽ സാധാരണക്കാരായ പ്രവർത്തകർ രോഷാകുലരാണ്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ എൻഡിഎ പിന്തുണയോടെയുള്ള കോൺഗ്രസ് ഭരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാരയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും മണ്ഡലത്തിലെ വമ്പിച്ച വികസനമുന്നേറ്റവും പി വി ശ്രീനിജിന്റെ ജനകീയ സ്വീകാര്യതയും എൽഡിഎഫ് വിജയം സുനിശ്ചിതമാക്കുന്നു.
യുഡിഎഫിനായി കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും എൻഡിഎക്കായി ട്വന്റി 20യുടെ ബാബു ദിവാകരനുമാണ് രംഗത്തുള്ളത്.










0 comments