നിരക്ക് കൂട്ടി സ്വകാര്യ ബസുകൾ
കൈയ്യൊഴിഞ്ഞ് കെഎസ്‌ആർടിസി

കൊച്ചി
ഓണാവധി കഴിഞ്ഞ് മടങ്ങുന്നവരെ അന്തർസംസ്ഥാന സ്വകാര്യ ബസുകൾ യാത്രാനിരക്ക് കൂട്ടി പിഴിയുമ്പോഴും ആവശ്യത്തിന് സർവീസ് നടത്താതെ കെഎസ്‌ആർടിസി. യാത്രക്കാർ കൂടുതലുള്ള ഞായർ, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് നാമമാത്ര സർവീസ് മാത്രമാണ് കെഎസ്‌ആർടിസി ബംഗളൂരുവിലേക്ക് നടത്തുന്നത്. ഇൗ ബസുകളിലാണെങ്കിൽ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുമ്പേ ബുക്കിങ്ങായി. ഇതോടെ ടിക്കറ്റ് കിട്ടാത്തവർ ഉയർന്ന തുക നൽകി സ്വകാര്യ ബസുകളിൽ യാത്രചെയ്യേണ്ട അവസ്ഥയാണ്.
തിരക്കിനനുസരിച്ച് പ്രത്യേക സർവീസും ഏർപ്പെടുത്തിയില്ല.
അന്തർസംസ്ഥാന സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസുകളിൽ കൂടുതലും കാലപ്പഴക്കം ചെന്നതാണ്. ജീവനക്കാരുടെ കുറവും പ്രതിസന്ധിയായി. ഓണംപോലെ തിരക്കുള്ള സമയങ്ങളിൽ ജീവനക്കാരെ കൃത്യമായി വിന്യസിക്കുന്നതിൽ മാനേജ്‌മെന്റിന്റെ വീഴ്ചയാണ് കാരണം.
ബംഗളൂരു, മംഗലാപുരം, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കെഎസ്‌ആർടിസി അന്തർസംസ്ഥാന സർവീസ് നടത്തുന്നത്. വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ കൂടുതൽ പേർ യാത്ര ചെയ്യുന്നത് ബംഗളൂരുവിലേക്കാണ്. സാധാരണ ദിവസങ്ങളില്‍ 900 മുതല്‍ 1,300 രൂപവരെയാണ് എറണാകുളം–ബംഗളൂരു എസി, നോണ്‍ എസി സ്വകാര്യ ബസ് നിരക്ക്. ഞായർ, തിങ്കൾ ദിവസങ്ങളിലിത് 2200 മുതൽ 4440 രൂപവരെയായി ഉയർന്നു. ട്രെയിനിലും ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ കൂടുതൽപേരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
സർവീസ് റദ്ദാക്കൽ തുടർക്കഥ
തിരക്കുള്ള ദിവസങ്ങളിൽ ജീവനക്കാരെ കൃത്യമായി വിന്യസിക്കാതെ കെഎസ്‌ആർടിസി സർവീസ് റദ്ദാക്കുന്നത് തുടർക്കഥയാകുന്നു. ഓണാവധി കഴിയുന്ന ദിവസങ്ങളോടടുത്ത് നിരവധി സർവീസുകളാണ് എറണാകുളം ഡിപ്പോയിൽ മാത്രം റദ്ദാക്കിയത്. സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന ദീർഘദൂര ബസുകളാണ് ഇതിലേറെയും. ഇതോടെ അടുത്ത ദിവസങ്ങളിൽ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും വടക്കൻ ജില്ലകളിലേക്കും യാത്രചെയ്യേണ്ടവർ പെരുവഴിയിലാകും.










0 comments