ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: തിരുവനന്തപുരം നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം. ഫ്ലാഗ്‌ഓഫ് വൈകിട്ട് അഞ്ചിന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിർവഹിക്കും. ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്‌കരിക്കുന്ന 69ഓളം ഫ്ലോട്ടുകളും ഇന്‍സ്റ്റലേഷനുകളും അണിനിരക്കും. നാടന്‍കലകളും തനതുരൂപങ്ങളും ഉള്‍പ്പെടെ 99ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. ഉദ്ഘാടന പവിലിയന്‍ മാനവീയത്തിനുസമീപവും വിവിഐപി പവിലിയനുകൾ സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയ്ക്കുസമീപവും ജഡ്‌ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിനുസമീപവുമാണ് സജ്ജമാക്കുക. വിദേശ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക പവിലിയനുമുണ്ടാകും. 24ന് ആരംഭിച്ച വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ 35 വേദികളിൽ വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു.
ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണം
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്‌ചയും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഞായറും തിങ്കളും നഗരത്തിൽ ഗതാഗത ക്രമീകരണം. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്ക് വിവിധ സ്ഥലങ്ങളില്‍ വണ്ടി പാർക്ക് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ പ്രദർശിപ്പിക്കണം. റെയില്‍വേ സ്റ്റേഷനിലേക്കും എയര്‍പോര്‍ട്ടിലേക്കും പോകേണ്ടവർ യാത്ര മുന്‍കൂട്ടി ക്രമീകരിക്കണം. ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും ഘോഷയാത്ര പോകുന്ന റൂട്ട് ഒഴിവാക്കി യാത്ര ചെയ്യണം. ഗതാഗത ക്രമീകരണം അറിയാൻ 0471 2558731, 9497930055 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർമുതൽ കിഴക്കേകോട്ട, വെട്ടിമുറിച്ചകോട്ട, തെക്കേനട, വാഴപ്പള്ളി, മിത്രാനന്ദപുരം, ഈഞ്ചക്കൽവരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും ഞായർ പകൽ 2 മുതലാണ് ഗതാഗത നിയന്ത്രണം.









0 comments