ad
Deshabhimani

മെട്രോ ഇൻഫോപാർക്കിലേക്ക്‌ ; പാലാരിവട്ടത്തും ഗർഡറുകൾ സ്ഥാപിച്ചു

Kochi Metro Second Phase

കൊച്ചി മെട്രോ റെയിൽ ഫേസ് 2 - പിങ്ക് ലൈൻ നിർമാണത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഗർഡറുകൾ സ്ഥാപിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 29, 2026, 03:01 AM | 1 min read


കൊച്ചി

കാക്കനാട്‌ ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗംകൂട്ടി കെഎംആർഎൽ. പാലാരിവട്ടം ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ഗർഡറുകൾ സ്ഥാപിക്കൽ തുടങ്ങി. പാലാരിവട്ടം, ആലിൻചുവട്‌, വാഴക്കാല, പടമുകൾ, എയർപോർട്ട്‌–സീപോർട്ട്‌ റോഡ്‌, ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേ എന്നിവിടങ്ങളിലെല്ലാം തൂണുകളിൽ ഗർഡറുകൾ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്‌. ആകെ 60 യു ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്‌.


189 തൂണുകളാണ്‌ ഇതിനകം ഉയർന്നത്‌. ഇതിൽ 84 പിയർ ക്യാപുകൾ സ്ഥാപിച്ചിട്ടുണ്ട്‌. പാലാരിവട്ടം, ആലിൻചുവട്‌, ചെന്പുമുക്ക്‌, വാഴക്കാല, പടമുകൾ, സെസ്‌, കിൻഫ്ര, സിവിൽ സ്‌റ്റേഷൻ, ഇൻഫോപാർക്ക്‌ സ്‌റ്റേഷുനകളുടെ പൈലിങ്‌ പൂർത്തിയാക്കുകയും തൂണുകൾ നിർമിക്കുകയും ചെയ്‌തു. 1,532 പൈലുകളുടെ നിർമാണം കഴിഞ്ഞു. 282 പൈൽ ക്യാപും ഘടിപ്പിച്ചു.


കാസ്റ്റിങ്‌ യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും പുരോഗമിക്കുന്നു. 199 പിയർ ക്യാപ്‌, 169 യു ഗർഡർ, 108 ഐ ഗർഡറുകളും നിർമിച്ചു. 490 യു ഗർഡറുകളും 534 ഐ ഗർഡറുകളുമാണ്‌ ആകെയുള്ളത്‌. ശേഷിക്കുന്നവയുടെ നിർമാണം അവതിവേഗത്തിലാണ്‌. രണ്ടാംഘട്ടത്തിൽ ആകെ പിയർ ക്യാപ്‌– 371, തൂണുകൾ– 470, പൈൽ– 2019 എന്നിങ്ങനെയാണ്‌ വേണ്ടത്‌. സ്‌റ്റേഡിയം ഉൾപ്പെടെ 11 സ്‌റ്റേഷനുകളാണുള്ളത്‌. കളമശേരിയിലെ 8.85 ഹെക്ടറിൽ കാസ്റ്റിങ്‌ യാര്‍ഡിലാണ്‌ പിയര്‍ ക്യാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ചര്‍ ഘടകഭാഗങ്ങളുടെ നിര്‍മാണം.


ഡിസംബർ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ആലുവയിൽനിന്ന്‌ കൊച്ചി വിമാനത്താവളംവഴി അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. നിലവിൽ നിർമാണം നടക്കുന്നയിടങ്ങളിൽ റോഡ് വഴിയുള്ള ഗതാഗതം അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നതായി കെഎംആർഎൽ അധികൃതർ അറിയിച്ചു. മെട്രോ വിപുലീകരണം ദ്രുതഗതിയിലാക്കുമെന്ന്‌ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്‌ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലും രണ്ടും മൂന്നും ഘട്ട വികസനങ്ങൾ ഇടംപിടിച്ചേക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home