ad
Deshabhimani

തത്വത്തിൽ അംഗീകാരം

മെട്രോ രണ്ടിലും മൂന്നിലും എഐ ; രണ്ടാംഘട്ടം സ്മാർട്ട്‌സിറ്റിയിലേക്ക്‌

Kochi Metro Second Phase

കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണം പാലാരിവട്ടത്ത് പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Feb 07, 2026, 03:00 AM | 1 min read


കൊച്ചി

മെട്രോ രണ്ടാംഘട്ടം ഇൻഫോപാർക്കും കടന്ന്‌ സ്‌മാർട്ട്‌സിറ്റിയിലേക്ക്‌. സ്‌മാർട്ട്‌സിറ്റിയിലേക്ക്‌ പദ്ധതി നീട്ടുന്നതിന്‌ തത്വത്തിൽ അംഗീകാരമായെന്ന്‌ കെഎംഎആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവിടെ പാതയ്‌ക്കുള്ള സ്ഥലം ഉൾപ്പെടെ കണ്ടെത്തി. എന്നാൽ, കൈമാറിക്കിട്ടിയിട്ടില്ല. ഇതിനായുള്ള തുടർനടപടികൾ പുരോഗമിക്കുകയാണ്‌.


രണ്ടാംഘട്ടം ഡിസംബറിൽ പൂർത്തിയാക്കും. അതിനുള്ള തീവ്രപരിശ്രമമാണ്‌ കെഎംആർഎൽ നടത്തുന്നത്‌. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബന്ധിപ്പിച്ചുള്ള മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ മാർച്ച്‌ 14ന്‌ തയ്യാറാകും. ഇതിൽ നിശ്ചിതഭാഗം ഭ‍ൂഗർഭപാതയാണ്‌.


സ്‌മാർട്ട്‌സിറ്റിയിലേക്കുള്ള രണ്ടും വിമാനത്താവളം ബന്ധിപ്പിച്ച്‌ അങ്കമാലിയിലേക്കുള്ള മൂന്നും ഘട്ടത്തിൽ നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. തിരുവനന്തപുരം മെട്രോയിലും എഐ ഉൾപ്പെടുത്തും. എഐ ഉപയോഗിക്കാൻ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കെഎംആര്‍എല്ലും പഠനം നടത്തിയിരുന്നു. സാധ്യമായ 25 മേഖലകള്‍ കണ്ടെത്തി. ഇതിൽ തിരക്ക് നിയന്ത്രണം, ഷെഡ്യൂള്‍ തയ്യാറാക്കല്‍, ടിക്കറ്റിങ്‌ ഉൾപ്പെടെയുള്ള അഞ്ച്‌ മേഖലയിലാണ്‌ എഐ നടപ്പാക്കുക. ജല മെട്രോയിലും എഐ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ നടപ്പാക്കും. എഐ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കാൻ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസുമായി ധാരണയിലെത്തി. രാജഗിരി എന്‍ജിനിയറിങ് കോളേജിന്റെയും സഹായമുണ്ട്‌. നിലവിലെ മെട്രോ പാതയിൽ എഐ ഉപയോഗിക്കുന്നത്‌ അധികച്ചെലവിനിടയാക്കുമെന്നും ലാഭകരമാകാൻ സാധ്യതയില്ലെന്നും ബെഹ്‌റ പറഞ്ഞു.


രണ്ടാംഘട്ടത്തിൽ ഇൻഫോപാർക്കുവരെയുള്ള നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. പാലാരിവട്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗർഡർ സ്ഥാപിച്ചു. രണ്ടാംഘട്ടം വിഭാവനം ചെയ്‌തപ്പോൾ സ്‌മാർട്ട്‌സിറ്റികൂടിയുണ്ടായിരുന്നു. എന്നാൽ, കെ–റെയിൽ പദ്ധതിയുടെ ഭാഗമായി പിന്നീടിത്‌ മാറ്റുകയായിരുന്നു. സ്ഥലം ലഭിക്കുന്നതോടെ സ്‌മാർട്ട്‌സിറ്റി കേന്ദ്രീകരിച്ചുള്ള നിർമാണം ആരംഭിക്കും. ഇതിനായി പ്രത്യേക ടെൻഡർ വിളിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ ഉൾപ്പെടെയുള്ള യാത്ര സുഗമമാക്കാൻ സഹായിക്കുന്നതാണ്‌ മൂന്നാംഘട്ട പദ്ധതി. പെരിയാർ വഴി വിമാനത്താവളത്തിലേക്ക്‌ ജല മെട്രോ സർവീസ്‌ നടത്താൻ തീരുമാനിക്കുകയും ഇതിനായുള്ള പഠനങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home