ad
Deshabhimani

നഗരത്തെ ‘മുക്കാൻ’ കോർപറേഷൻ

മഴക്കാലപൂർവ ശുചീകരണം പാളുന്നു

kochi corporation

കലൂർ സ്റ്റേഡിയത്തിനുസമീപം കനാലിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Apr 26, 2026, 02:26 AM | 1 min read

കൊച്ചി


കടുത്ത വേനലിൽ ഇപ്പോൾ നട്ടംതിരിയുന്ന നഗരവാസികൾക്ക്‌ മഴക്കാലത്ത്‌ കോർപറേഷൻവക മുട്ടൻപണി വരുന്നു. വർഷകാലത്ത്‌ നഗരത്തിൽ വൻ വെള്ളക്കെട്ടിന്‌ വഴിയൊരുക്കുംവിധം മഴക്കാലപൂർവ ശുചീകരണത്തിൽ ഗുരുതര വീഴ്‌ച വരുത്തുകയാണ്‌ യുഡിഎഫ്‌ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി. നഗരത്തെ വെള്ളത്തിൽ മുക്കുമെന്ന്‌ ഉറപ്പിക്കുംവിധമാണ്‌ ഭരണസമിതിയുടെ നിലവിലെ നീക്കങ്ങൾ.


ശുചീകരണപ്രവൃത്തികൾ മന്ദഗതിയിലാണ്‌. പ്രവൃത്തി ആരംഭിച്ചെങ്കിലും നിർത്തിവച്ചിരിക്കുന്ന ചില ഡിവിഷനുകളുമുണ്ട്‌. കാര്യക്ഷമായി പ്രവൃത്തികൾ നടക്കുന്നതായി ഉറപ്പാക്കുന്നതിൽ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവവും ഒരേ കരാറുകാരെത്തന്നെ പല ഡിവിഷനുകളിലായി വിവിധ പ്രവൃത്തികൾ ഏൽപ്പിച്ചതടക്കമുള്ള നടപടികളുമാണ്‌ മഴക്കാലപൂർവ ശുചീകരണം പാളാനുള്ള മുഖ്യകാരണങ്ങൾ. പ്രധാന തോടുകളിൽ ഉൾപ്പെടെ മാലിന്യം നിറഞ്ഞു. വൻതോതിൽ ചെളിയും അടിഞ്ഞിട്ടുണ്ട്‌. ചെറുതും വലുതുമായ കാനകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. തോടുകളിൽനിന്ന്‌ കോരിത്തുടങ്ങിയിട്ടില്ല. കോർപറേഷന്റെ ഉദാസീനതയുടെയും കെടുകാര്യസ്ഥതയുടെയും മാലിന്യനിർമാർജനത്തിലെ അലംഭാവത്തിന്റെയും നേർക്കാഴ്ചയായി മാറിയിരിക്കുകയാണ്‌ തോടുകൾ. കുപ്പികൾ, പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങൾ, സഞ്ചികൾ, ചെരുപ്പുകൾ ഉൾപ്പെടെയുള്ള വിവിധതരത്തിലുള്ള മാലിന്യങ്ങളാണ്‌ വലിയ അളവിൽ തോടുകളിലുള്ളത്‌. തോട്ടിലെ ജലപ്രവാഹത്തെയും മാലിന്യം തടസ്സപ്പെടുത്തുന്ന അവസ്ഥയാണ്‌. കായൽ മ‍ൗത്ത്‌ കേന്ദ്രീകരിച്ചുള്ള പ്രവൃത്തിയും തുടങ്ങിയിട്ടില്ല. ചെളിയുടെ ആഴം എടുക്കുന്നതേയുള്ളൂ. ഇത്‌ പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകുന്നതടക്കമുള്ള നടപടികളും തീരാനുണ്ട്‌.


മഴ ആരംഭിക്കുംമുന്പേ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ തീർത്തില്ലെങ്കിൽ നഗരം മുങ്ങുമെന്നുറപ്പ്‌. നഗരവാസികൾ മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തുന്ന നിരവധിപേർ ഇതോടെ പ്രയാസത്തിലാകും. വ്യാപാരികൾ, തെരുവുകച്ചവടക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടും. ഗതാഗതത്തെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും. ജലജന്യരോഗങ്ങൾക്കും കൊതുകുകളുടെ വ്യാപനത്തിനും ഇടയാക്കും.


പറയിപ്പിക്കുമോ


​‘‘കൊച്ചി കോർപറേഷൻ പിരിച്ചുവിട്ടുകൂടെ’യെന്ന്‌ സഹികെട്ട്‌ ഹൈക്കോടതി പറഞ്ഞ ചരിത്രമുണ്ട്‌. യുഡിഎഫ്‌ ഭരണസമിതി ഭരണകാലയളവിലായിരുന്നത്‌. ‘‘വെള്ളക്കെട്ട്‌ ഒഴിവാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുരുതരവീഴ്‌ച വരുത്തുന്ന കോർപറേഷനെ പിരിച്ചുവിടാൻ സർക്കാർ ആർജവം കാണിക്കണം. എത്രകാലമായി ഇവർ ഭരിക്കുന്നു. ഇങ്ങനെയൊരു നഗരസഭകൊണ്ട്‌ എന്താണ്‌ പ്രയോജനം’’–എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.


ഹൈക്കോടതിതന്നെ കോർപറേഷനെ പ്രശംസിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ കാലയളവിലായിരുന്നത്‌. ‘‘കനത്ത മഴ പെയ്‌തിട്ടും നഗരത്തിൽ കാര്യമായ വെള്ളക്കെട്ടുണ്ടായില്ലെന്നും അതിനായി കൊച്ചി കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സംതൃപ്‌തിയുണ്ടെന്നുമാണ്‌’’ ഹെെക്കോടതി പറഞ്ഞത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home