യുഡിഎഫിലെ തമ്മിലടിയും ചേരിപ്പോരും
വികസനവെട്ടം കെട്ട കല്ലൂർക്കാട്

കല്ലൂർക്കാട് പഞ്ചായത്തിൽ തുറന്നുപ്രവർത്തിക്കാത്ത നാകപുഴയിലെ ബഡ്സ് സ്കൂൾ കെട്ടിടം
പി ജി ബിജു
Published on Oct 30, 2025, 02:37 AM | 1 min read
മൂവാറ്റുപുഴ
വികസനവെട്ടം തൊട്ടുതീണ്ടാത്ത അഞ്ചുവർഷം, യുഡിഎഫ് ഭരണസമിതി കല്ലൂർക്കാടിന് സമ്മാനിച്ചത് അതാണ്. പ്രകടനപത്രികയിലെ പദ്ധതികളിൽ ഒന്നും നടപ്പാക്കാനായില്ല. കല്ലൂർക്കാടിന്റെ വികസനസ്വപ്‌നങ്ങൾക്ക് ചങ്ങലയിട്ട യുഡിഎഫിനോട് തെരഞ്ഞെടുപ്പിൽ മറുപടിനൽകാൻ ഒരുങ്ങുകയാണ് നാട്.
ഭരണസമിതിയിൽ തമ്മിലടിയും അഴിമതിയും തുടർക്കഥയായി. ചേരിപ്പോരിനെ തുടർന്ന് ഇക്കാലയളവിൽ രണ്ട് പ്രസിഡന്റുമാരും രണ്ട് വൈസ് പ്രസിഡന്റുമാരുമുണ്ടായി. കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള തർക്കംമൂലം ഏറ്റെടുത്ത പല പദ്ധതികളും യാഥാർഥ്യമായില്ല.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, ഇടതുപക്ഷ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത് ഓഫീസ് മന്ദിരം ആധുനിക നിലവാരത്തിൽ നിർമിച്ചത്. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഹോമിയോ ആശുപത്രി കെട്ടിടവും പൂർത്തിയാക്കിയത്.
നാണക്കേടിൻ കൂടാരം
ആയുർവേദ ആശുപത്രി മന്ദിരം നിർമാണം പൂർത്തിയാകുന്നതിനുമുമ്പ് ഉദ്ഘാടനപ്രഹസനം നടത്തിയത് നാണക്കേടായി. നാകപുഴയിൽ ബഡ്സ് സ്‌കൂളിന് കെട്ടിടം നിർമിച്ചെങ്കിലും പ്രവർത്തനം നടക്കാത്തതിനാൽ കുടുംബശ്രീ മിഷൻ നൽകിയ ഏഴ് ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടിവന്നു. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ ഗ്രാമീണ റോഡുകളും മിഴിയടച്ച തെരുവുവിളക്കുകളുമാണ് പഞ്ചായത്തിന്റെ ‘പുതിയ മുഖം’.
പൂർണമായും കാർഷികമേഖലയായ പഞ്ചായത്തിൽ കൃഷി വികസനത്തിന് ആവശ്യമായ പദ്ധതികളൊന്നും ആവിഷ്‌കരിച്ചില്ല. നെൽക്കൃഷി ക്രമാതീതമായി കുറഞ്ഞു, പാടശേഖരങ്ങൾ തരിശായി. കുടുംബശ്രീക്ക് പുതിയ പദ്ധതികൾ നടപ്പാക്കിയില്ല, ഉണ്ടായിരുന്ന ജനകീയ ഹോട്ടൽ അടച്ചുപൂട്ടി. പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയില്ലെന്നു മാത്രമല്ല, കുറ്റംചെയ്‌ത സ്വന്തക്കാരെ ഭരണസമിതി സംരക്ഷിക്കുകയും ചെയ്‌തു. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിച്ചില്ല. വയോജന പാർക്ക് പദ്ധതിയും നടപ്പായില്ല.










0 comments