കളമശേരിയിലെ "മാലിന്യമല' ഒരുമാസംകൊണ്ട് നീക്കും ; ബയോ മൈനിങ് 65 ശതമാനം പൂർത്തിയായി

കളമശേരി
പതിറ്റാണ്ടുകളായി മാലിന്യം കുന്നുകൂട്ടിയിട്ട കളമശേരി നഗരസഭയുടെ ഡന്പിങ് യാർഡിലെ "മാലിന്യമല' നീക്കം ചെയ്യുന്ന പ്രവൃത്തി ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്, വ്യവസായമന്ത്രി പി രാജീവ് എന്നിവർ പറഞ്ഞു. ബയോ മൈനിങ് സൈറ്റ് സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. 2025 ജനുവരിയിൽ തുടങ്ങിയ ബയോ മൈനിങ് 65 ശതമാനം പൂർത്തിയാക്കി.
കളമശേരി നിയമസഭാ മണ്ഡലത്തിൽ പി രാജീവ് നടപ്പാക്കുന്ന "ശുചിത്വത്തിന് ഒപ്പം' പദ്ധതിയുടെ ഭാഗമായാണ് കെഎസ്ഡബ്ല്യുഎംപിയിൽനിന്ന് ബയോ മൈനിങ് നടത്തുന്നതിന് 9.2 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പ്രവൃത്തി ആരംഭിച്ചത്. വേനൽമഴ ഒഴിവായിനിന്നാൽ സമയപരിധിക്കുള്ളിൽത്തന്നെ പൂർത്തീകരിക്കും. ബയോ മൈനിങ് പൂർത്തിയാക്കിയാൽ രണ്ട് ഏക്കർ വീണ്ടെടുക്കാം. സംസ്ഥാനത്തെ 24 ഡന്പ് സൈറ്റുകളിൽനിന്ന് മാലിന്യം പൂർണമായി നീക്കംചെയ്തതായി മന്ത്രി രാജേഷ് പറഞ്ഞു.
48,160 എംക്യൂബ് മാലിന്യമാണ് കളമശേരി സൈറ്റിൽ പ്രവൃത്തി ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നത്. 19,263 എം ക്യൂബ് മാലിന്യമാണ് അവശേഷിക്കുന്നത്. ഇതിൽ 4000 ടൺ ആർഡിഎഫ് സിമന്റ് ഫാക്ടറികളിലേക്ക് അയച്ചു. ലെഗസി മാലിന്യം പൂർണമായി ഇല്ലാതാക്കിയശേഷം ഖര, ദ്രവമാലിന്യ പ്ലാന്റുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.










0 comments