കിഫ്‌ബിയിൽനിന്ന് അനുവദിച്ച 286.66 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം, ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ ഒരുക്കിയത്
എറണാകുളം ഗവ.മെഡിക്കൽ കോളേജ് ; മാതൃ–ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം മാർച്ച് 3ന്

ഉദ്‌ഘാടനത്തിനൊരുങ്ങിയ എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സന്ദർശിച്ച മന്ത്രി പി രാജീവ് നവജാതശിശുക്കളുടെ തീവ്രപരിചരണ യൂണിറ്റിലെ സൗകര്യങ്ങൾ കാണുന്നു
കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മാതൃ–ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജിൽ നിർമാണം പൂർത്തിയാക്കിയ ബ്ലോക്ക് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്‌ബിയിൽനിന്ന് അനുവദിച്ച 286.66 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം, ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ ഒരുക്കിയത്. ഇത് കേരളത്തിലെ ഗവ. ആശുപത്രിക്കുള്ള ഏറ്റവും വലിയ ഒറ്റക്കെട്ടിടമാണ്. നിയോനാറ്റൽ ഐസിയു, ആധുനിക ലേബർ റൂം, സ്കാനിങ്, എക്സറേ തുടങ്ങിയവയ്‌ക്കുള്ള ആധുനിക മെഷീനുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ആശുപത്രിയിൽ ഒരുക്കുന്നത്. വാഹനാപകടങ്ങൾ കൂടുതലാണെങ്കിലും ന്യൂറോ സർജറിക്കും മറ്റു അത്യാഹിത ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ വേണ്ടത്ര ലഭ്യമായിരുന്നില്ല. പുതിയ ബ്ലോക്ക് വരുന്നതോടെ ആ കുറവുകൾ പരിഹരിക്കപ്പെടും. 90 തസ്തികകൾ മെഡിക്കൽ കോളേജിൽ പുതുതായി സൃഷ്ടിച്ചു. കാർഡിയോ വാസ്കുലാർ ഉൾപ്പെടെയുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. കോസ്മെറ്റോളജി, വൈറോളജി തുടങ്ങിയ വിഭാഗങ്ങൾക്കായും സൗകര്യം ഒരുക്കി.
ന്യൂറോ സർജറി, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, കാർഡിയോ തൊറാസിക് സർജറി, പീഡിയാട്രിക് സർജറി, യൂറോളജി, നെഫ്രോളജി, ട്രാൻസ്‌പ്ലാന്റ് സർവീസസ്, ഡയാലിസിസ് യൂണിറ്റുകൾ, ക്രിട്ടിക്കൽ കെയർ സർവീസുകൾ തുടങ്ങിയ വിഭാഗങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഉണ്ടാകും. റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്‌മെന്റ്, പതോളജി -മൈക്രോബയോളജി - ബയോകെമിസ്ട്രി ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ, തുടങ്ങിയവയും ബ്ലോക്കിൽ സജ്ജമാക്കി.
ആറ് ബ്ലോക്കുകളിലായി നിർമിച്ച എട്ടുനില കെട്ടിടത്തിന് 8.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. ഇവിടെ 18 ലിഫ്റ്റുകൾ, 16 ഓപ്പറേഷൻ തിയറ്ററുകൾ, 842 ബെഡ്ഡുകൾ, 715 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യം, ഓക്സിജൻ, ആർഒ പ്ലാന്റുകൾ, ജലലഭ്യതയ്ക്കുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
സഹകരണ മേഖലയിൽ ആദ്യം ആരംഭിച്ച മെഡിക്കൽ കോളേജ് പിന്നീട് സർക്കാർ ഏറ്റെടുത്തു. 2016ൽ ചുമതലയേറ്റ സർക്കാരാണ് തസ്തികകൾ സൃഷ്ടിച്ച് തുടർനടപടിയെടുത്തത്. മന്ത്രി പി രാജീവിനൊപ്പം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എസ് മിനി, സൂപ്രണ്ട് ഗണേഷ് മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments