ad
Deshabhimani

ഗവ. മെഡിക്കൽ കോളേജിൽ അഗതികൾക്ക്‌ ആശ്വാസമായി മദദ്‌ പദ്ധതി

Kalamassery Medical College
വെബ് ഡെസ്ക്

Published on Jul 09, 2025, 02:09 AM | 1 min read


കൊച്ചി

അഗതിരോഗികൾക്ക് ആശ്വാസമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മദദ് പദ്ധതി. മൂന്നുവർഷമായി ആശുപത്രി വികസനസമിതി നടപ്പാക്കിവരുന്ന പദ്ധതിയിലൂടെ ഇതുവരെ നൂറോളം രോഗികളുടെ ചികിത്സയ്ക്കും മരുന്നിനുമായി 5.95 ലക്ഷം രൂപയാണ്‌ മെഡിക്കൽ കോളേജ്‌ ചെലവഴിച്ചത്‌.


സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ എറണാകുളത്ത് മാത്രമാണ്‌ ഇത്തരം പദ്ധതി നടപ്പാക്കുന്നത്‌. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന്‌ ചെക്ക്, ഡിഡി, ഓൺലൈൻ, യുപിഐ എന്നിവയിലൂടെ ലഭിക്കുന്ന സംഭാവനയാണ്‌ പ്രധാനഫണ്ട്‌ ഉറവിടം. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പത്തോളം കലക്‌ഷൻ ബോക്സുകളിലൂടെയും പണം സമാഹരിക്കുന്നു. മെഡിക്കൽ സൂപ്രണ്ട്‌, ഡെപ്യൂട്ടി സൂപ്രണ്ട്‌, ആർഎംഒ, ലേ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ്‌ ഫണ്ട്‌ ചെലവഴിക്കൽ നിയന്ത്രിക്കുന്നത്‌. ചെയർമാന്റെയും സെക്രട്ടറിയുടെയും പേരിൽ കങ്ങരപ്പടി എസ്‌ബിഐയിലെ സംയുക്ത ബാങ്ക് അക്കൗണ്ടി (നമ്പർ: 41151055101)ലാണ് ഫണ്ട്‌ സൂക്ഷിക്കുന്നത്. ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ ദിവസവേതനവ്യവസ്ഥയിൽ നൽകാനും പദ്ധതിയിലൂടെ കഴിയും.


യാതൊരുവിധ ഇൻഷുറൻസ് പരിധിയിലും ഉൾപ്പെടാത്ത അഗതികൾ, ദാരിദ്ര്യരേഖയ്ക്ക് താഴെവരുന്നതും ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടാത്തതും സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ രോഗികൾ, കൂട്ടിരിപ്പുകാരില്ലാതെ അത്യാസന്നനിലയിലെത്തുന്ന അതിഥിത്തൊഴിലാളികൾ എന്നിവരാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കൾ. ചികിത്സിക്കുന്ന ഡോക്ടർ രേഖാമൂലം ആവശ്യപ്പെടുന്നവർക്കാണ്‌ ഫണ്ട് നൽകുന്നത്‌. അന്തിമതീരുമാനം മെഡിക്കൽ സൂപ്രണ്ടിന്റേതാണ്‌. അഗതികളായ രോഗികൾക്ക്‌ ചികിത്സയ്‌ക്കോ ഭക്ഷണത്തിനോ മരുന്നുകൾക്കോ ശസ്‌ത്രക്രിയക്കോ മദദ്‌ ഫണ്ടിലെ തുക പ്രയോജനം ചെയ്യുന്നതായി സൂപ്രണ്ട്‌ ഡോ. എം ഗണേഷ്‌ മോഹൻ പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തതമൂലം ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരാറുണ്ട്‌. ജനങ്ങൾക്ക് അവബോധം നൽകിയും സന്നദ്ധസംഘടനകളുടെ സഹായംതേടിയും കൂടുതൽ ഫണ്ട് സ്വരൂപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home