കെ എം എസിന് നാടിന്റെ അന്ത്യാഞ്ജലി
മർദനങ്ങൾ തളർത്താത്ത സമരവീര്യം

വി ദിലീപ്‌കുമാർ
Published on Dec 29, 2025, 03:02 AM | 4 min read
പറവൂർ
‘‘ഇവനൊക്കെ വളര്‍ന്നുവന്നാല്‍ വലിയ കുഴപ്പമാകും’’ പൊലീസ് ഉദ്യോഗസ്ഥൻ ഇത് പറഞ്ഞ് ആ യുവാവിന്റെ കാലും തലയും കൂട്ടിപ്പിടിച്ച് നിലത്ത് കുത്തി. നാലഞ്ച് പൊലീസുകാര്‍ തലങ്ങും വിലങ്ങും കൊടിയ മര്‍ദനം തുടര്‍ന്നു. 1954ലെ ട്രാന്‍സ്പോര്‍ട്ട് സമരമാണ് സന്ദര്‍ഭം. അന്ന് കെ എം സുധാകരന് 18 വയസ്സാണ്. വൈപ്പിനില്‍നിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ് തടയാനെത്തി പിടിയിലായ എട്ടംഗസംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാളും അദ്ദേഹമായിരുന്നു. ആദ്യ സമരത്തിലേറ്റ മര്‍ദനമാണ് സുധാകരനെ മുഴുവന്‍സമയ പാര്‍ടി പ്രവര്‍ത്തകനായും കെ എം എസ് എന്ന് കേരളമാകെ അറിയുന്ന നേതാവുമാക്കി വളര്‍ത്തിയത്.
എറണാകുളം ബോട്ടുജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് ചേന്ദമംഗലത്തേക്ക് പുറപ്പെട്ട ബസ് കെ എം എസ് ഉൾപ്പെടെയുള്ളവർ കൈകള്‍കോര്‍ത്ത് റോഡില്‍കിടന്നാണ് തടഞ്ഞത്.
1993ലെ 110 ദിവസം നീണ്ടുനിന്ന ചെത്തുതൊഴിലാളി പണിമുടക്കിലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം കാണാനായി. പ്രകടനമായി വന്ന തൊഴിലാളികള്‍ നായരമ്പലത്ത് ഷാപ്പുടമസ്ഥന്റെ സ്ഥാപനത്തിനുമുന്നില്‍ യോഗം ചേര്‍ന്നു. തൊഴിലാളികള്‍ ചായ കുടിക്കാന്‍പോയ തക്കത്തിന് സ്റ്റോറില്‍ സൂക്ഷിച്ച കള്ള് വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാൻ മുതലാളി നീക്കംനടത്തി. അത് ശ്രദ്ധയിൽപ്പെട്ട സുധാകരന്‍ വാഹനത്തിനുമുന്നിലേക്ക് ചാടി. വാഹനം അദ്ദേഹത്തിന്റെ ദേഹത്തോട് അടുത്തപ്പോൾ തൊഴിലാളികള്‍ തടഞ്ഞ-ു. ഡ്രൈവര്‍ വണ്ടിയില്‍നിന്ന് ഇറങ്ങിയോടി. ഇതിന്റെ അരിശം മുഴുവന്‍ പൊലീസ് തീര്‍ത്തത് കെ എം എസിന്റെ ദേഹത്തായിരുന്നു. നിര്‍ത്താതെ തല്ലിയതോടെ ലാത്തി ഒടിഞ്ഞു.
തെങ്ങുകയറ്റ തൊഴിലാളികളുടെ സമരത്തിലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം കാണാനായി. തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മിനിമംകൂലി പ്രഖ്യാപിച്ചെങ്കിലും പൊതുവില്‍ അത് നടപ്പായില്ല. അയ്യമ്പിള്ളിയിലെ ഒരു ഭൂവുടമ ഇത് നല്‍കാന്‍ വിസമ്മതിച്ചു. തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പൊലീസിന്റെ സഹായത്തോടെ ഭൂവുടമ തേങ്ങയിടാന്‍ തുടങ്ങി. സമരഭൂമിയിലെത്തിയ സുധാകരന്‍ എന്തു ത്യാഗം സഹിച്ചും സമരം വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ കെ എം എസിന്റെ സമരവീര്യത്തിനുമുന്നില്‍ പൊലീസിനും ഭൂവുടമയ്‌ക്കും നിരാശരായി മടങ്ങേണ്ടിവന്നു.
1970ലെ കുടികിടപ്പുസമരത്തില്‍ തന്റെ കുടികിടപ്പ് ഭൂമിയില്‍ കൊടികുത്തിയും തേങ്ങ വെട്ടിയിട്ടുമാണ് സുധാകരന്‍ കുടികിടപ്പ് അവകാശസമരം വൈപ്പിനില്‍ വിജയിപ്പിച്ചത്. കുടികിടപ്പുകാരനായിരുന്ന അദ്ദേഹം, സ്വന്തം പുരയിടത്തില്‍ 10 സെന്റ് വളച്ചുകെട്ടി തെങ്ങുകയറ്റിച്ചുകൊണ്ടാണ് അന്ന് സമരത്തില്‍ പങ്കാളിയായത്.
കെ എം എസിന് നാടിന്റെ അന്ത്യാഞ്ജലി
തൊഴിലാളികളുടെയും സമൂഹത്തിന്റെ നാനാതുറയിലുമുള്ള ജനങ്ങളുടെയും ഹൃദയവായ്‌പുകൾ ഏറ്റുവാങ്ങി ജനങ്ങളുടെ കെ എം എസ് വിടചൊല്ലി. സിപിഐ എം സംസ്ഥാന കമ്മിറ്റി മുൻ അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം സുധാകരന്റെ മൃതദേഹം വൈപ്പിൻ നായരമ്പലത്തെ കളവംപാറ വീട്ടുവളപ്പിൽ ഞായർ വൈകിട്ടോടെ സംസ്‌കരിച്ചു. ജനങ്ങൾക്കൊപ്പം ജീവിച്ച നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലും സിപിഐ എം പറവൂർ, വൈപ്പിൻ ഏരിയ കമ്മിറ്റി ഓഫീസുകളിലും നായരമ്പലം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലും രാഷ്ട്രീയഭേദമന്യേ നേതാക്കളും തൊഴിലാളികളും പാർടി പ്രവർത്തകരുമടക്കം ആയിരങ്ങൾ ഒഴുകിയെത്തി.
ഞായർ പുലർച്ചെ 5.30ന് പറവൂർ ഡോൺബോസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ പറവൂർ ഏരിയ കമ്മിറ്റി ഓഫീസിലും ഞാറക്കലിലെ വൈപ്പിൻ ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുവച്ചു. ശേഷം, നായരമ്പലം അഖില വൈപ്പിൻ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലെത്തിച്ചു. മൃതദേഹത്തിൽ മന്ത്രി പി രാജീവ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ജില്ലാകമ്മിറ്റി അംഗം ടി വി അനിത എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ പ്രത്യേകം ഒരുക്കിയ ഇടത്ത് സംസ്‌കാരം നടത്തി. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനുസമീപം അനുശോചനയോഗവും ചേർന്നു.
മന്ത്രി പി രാജീവ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, കെ ജെ മാക്‌സി എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കെ എസ് അരുൺകുമാർ, പി എസ് രാജം, കെ എം റിയാദ്, ചാൾസ് ജോർജ്, കെ കെ ഷിബു, ഗോപി കോട്ടമുറിക്കൽ, സി ബി ദേവദർശനൻ, വി എം ശശി, ജോബി വർഗീസ്, എം ജെ ടോമി, സി കെ മണിശങ്കർ, ടി ആർ ബോസ്, എ പി പ്രിനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, ഇ സി ശിവദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ കെ ജയൻ, കെ എ സാജിത്ത് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.
തൊഴിലാളി സമരങ്ങളുടെ മുന്നണിപ്പോരാളി: എം വി ഗോവിന്ദൻ
തൊഴിലാളി സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ എം സുധാകരനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറുപ്രായത്തിലേ ചെത്തുതൊഴിലാളിയായ കെ എം എസ്, തൊഴിലാളികളെ ചേർത്തുപിടിച്ച് അവരുടെ അവകാശങ്ങൾക്കായി പൊരുതി.
1954ലെ ട്രാൻസ്‌പോർട്ട് സമരത്തിന് നേതൃത്വം നൽകുമ്പോൾ അദ്ദേഹത്തിന് പ്രായം 18 മാത്രമായിരുന്നു. പൊലീസിന്റെ ക്രൂരമർദനത്തിനും അദ്ദേഹത്തിലെ പോരാളിയെ തളർത്താനായില്ല. കുടികിടപ്പുസമരം, ചെത്തുതൊഴിലാളി പണിമുടക്ക് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ മുൻനിര പോരാളിയായി. 1953ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1964ൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന ട്രഷറർ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ച അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളികളെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഉഴിഞ്ഞുവെച്ചതായിരുന്നു. അടിയന്തരാവസ്ഥയിൽ 16 മാസം തടവിൽ കഴിഞ്ഞു. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധിയെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതും അദ്ദേഹമായിരുന്നു– എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മികച്ച സംഘാടകരിൽ ഒരാൾ: മന്ത്രി പി രാജീവ്
ജില്ലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സംഘാടകരിലൊരാളായിരുന്നു കെ എം സുധാകരനെന്ന് വ്യവസായമന്ത്രി പി രാജീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജില്ലയിൽ പാർടി കെട്ടിപ്പടുക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ച കെ എം എസിന്റെ മരണം ഏറെ ദുഃഖകരമാണ്. വിദ്യാർഥി സംഘടനാകാലംമുതൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.
പ്രസിദ്ധമായ പല സമരപോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. തൊഴിലാളി സംഘടനാരംഗത്ത് അതുല്യമായ നേതൃപാടവമുണ്ടായിരുന്ന കെ എം എസിന്റെ വേർപാടിലൂടെ പാർടിക്കുണ്ടായ നഷ്ടം ഏറെ വലുതാണെന്നും പി രാജീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ത്യാഗിവര്യനായ കമ്യൂണിസ്‌റ്റ്: സി എൻ മോഹനൻ
ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തൊഴിലാളി പ്രസ്ഥാനത്തിനും മറക്കാനാകാത്ത സംഭാവനകൾ നൽകിയ ത്യാഗിവര്യനായ നേതാവാണ് കെ എം സുധാകരനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാധാരണ തൊഴിലാളിയായി ജീവിതമാരംഭിച്ച അദ്ദേഹം അസംഘടിതരായിരുന്ന ചെത്തുതൊഴിലാളികളെയും പരമ്പരാഗത വ്യവസായ തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയിലെമ്പാടും സംഘടന കെട്ടിപ്പടുത്തു.
കേരളത്തിലെ ചെത്ത്, കള്ളുഷാപ്പ് തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന ട്രഷറർ എന്ന നിലയിൽ കേരളത്തിലെമ്പാടും നിറഞ്ഞുനിന്ന് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം, പ്രത്യേകിച്ച് എറണാകുളം ജില്ലയിലെ തൊഴിലാളിപ്രസ്ഥാനത്തിന് വലിയ നഷ്ടമാണെണെന്നും സി എൻ മോഹനൻ പറഞ്ഞു.
പാർടിയുടെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകി: എസ് സതീഷ്
കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ മികച്ച കമ്യൂണിസ്‌റ്റായിരുന്നു കെ എം സുധാകരനെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്. 1954ലെ ട്രാൻസ്പോർട്ട് സമരം, 1970ലെ കുടികിടപ്പുസമരം 1993ലെ 110 ദിവസം നീണ്ടുനിന്ന കള്ളുചെത്തുതൊഴിലാളി പണിമുടക്ക് തുടങ്ങി നിരവധി പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും എസ് സതീഷ് പറഞ്ഞു.









0 comments