ഇൻഫോപാർക്ക് റോഡ് അപകടപ്പാത
ജനകീയ പരിശോധനയുമായി കൗൺസിലർമാരും ടെക്കികളും

ഇൻഫോപാർക്ക് റോഡിന്റെ ശോച്യാവസ്ഥ നേരിട്ടറിയാൻ എൽഡിഎഫ് കൗൺസിലർമാരും ഐടി ജീവനക്കാരും നടത്തിയ കാൽനട പരിശോധന
കാക്കനാട്
ഇൻഫോപാർക്ക് റോഡിൽ ജനകീയ കാൽനട പരിശോധനയുമായി നഗരസഭ എൽഡിഎഫ് കൗൺസിലർമാരും ഐടി ജീവനക്കാരും. യുവ ഐടി ജീവനക്കാരി ബസിടിച്ച് മരിച്ച കുഴിക്കാട്ടുമൂലയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇൻഫോപാർക്ക് മുതൽ അപകടസ്ഥലംവരെയായിരുന്നു പരിശോധന. പല ഭാഗങ്ങളിലും നടപ്പാതകളില്ലാത്തതും അനധികൃത കൈയേറ്റങ്ങളും കണ്ടെത്തി. ട്രാൻസ്ഫോർമറുകളും മറ്റ് തടസ്സങ്ങളും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.
വാഹനത്തിരക്കിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തതാണ് റോഡിനെ അപകടപ്പാതയാക്കുന്നത്. ഇൻഫോപാർക്കിലേക്ക് ദിവസേന എത്തുന്ന ഏകദേശം 75,000 ജീവനക്കാർക്ക് പുറമെ നൂറുകണക്കിന് അപ്പാർട്ട്മെന്റുകളിലെയും വില്ലകളിലെയും താമസക്കാർ, ആയിരക്കണക്കിന് വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രാവിലെയും വൈകിട്ടും കിലോമീറ്ററുകളോളം വാഹനനിര പതിവുകാഴ്ചയാണ്.
അപകടങ്ങൾ ഒഴിവാക്കാൻ വൺവേ സംവിധാനം മാത്രം മതിയാകില്ലെന്നും ഐഎംജി ജങ്ഷൻ മുതൽ കാർണിവൽ ഇൻഫോപാർക്കുവരെ രണ്ട് കിലോമീറ്റർ റോഡ് വീതികൂട്ടണമെന്നും പ്രതിപക്ഷ നേതാവ് സി പി സാജൽ ആവശ്യപ്പെട്ടു. ബദൽ പ്രവേശനപാതകൾ, തുടർച്ചയായ നടപ്പാതകൾ, തെരുവുവിളക്കുകൾ, സുരക്ഷാ വേലികൾ, സീബ്രാ ക്രോസിങ്ങുകൾ, ബസ് ബേകൾ എന്നിവയും ഒരുക്കണം. ഭാവിയിലെ ഗതാഗത ആവശ്യങ്ങൾകൂടി പരിഗണിച്ചുള്ള വികസനമാണ് വേണ്ടതെന്നും പങ്കെടുത്തവർ പറഞ്ഞു. എൽഡിഎഫ് കൗൺസിലർമാരായ അജ്നാ ഹാഷിം, റസിയ നിഷാദ്, കെ എ നജീബ്, കെ ജി ജയചന്ദ്രൻ, ജോർജ് ആലുങ്കൽ, പി എൻ പ്രശാന്ത്, സൻഷ മിജു, ജിജി മഹേഷ്, നിരൂപ ചിങ്ങംത്തറ എന്നിവരും പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് ടി കെ മാഹിൻ ഷാ, യൂണിറ്റ് സെക്രട്ടറി മനു പ്രദീപ്, ബോണി ഫെർണാണ്ടസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.







0 comments