Deshabhimani

ഫോര്‍ട്ട് കൊച്ചി പുതുവത്സരാഘോഷം

കച്ചവടസ്ഥലങ്ങള്‍ കാര്‍ണിവല്‍ കമ്മിറ്റി നിയന്ത്രണത്തിലാക്കാന്‍ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2026, 03:56 AM | 1 min read

മട്ടാഞ്ചേരി


ആയിരങ്ങള്‍ എത്തുന്ന ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കച്ചവടത്തിനായി അനുവദിക്കുന്ന ഭൂമി കാര്‍ണിവല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലാക്കാന്‍ നീക്കം. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഫോര്‍ട്ട്കൊച്ചി വെളി ത്രികോണം പാര്‍ക്ക്, വെളി ആയൂര്‍വേദ ആശുപത്രി പരിസരം, ഫോര്‍ട്ട്കൊച്ചി കടപ്പുറത്തെ സെന്റര്‍ ബീച്ചിനടുത്തുള്ളയിടങ്ങള്‍, സാന്താക്രൂസ് മൈതാനം തുടങ്ങിയ സ്ഥലങ്ങളാണ് കച്ചവടത്തിനും വിനോദ പരിപാടികള്‍ക്കും നല്‍കുന്നത്.


നഗരസഭയുടെ അധീനതയിലുള്ള ഫോര്‍ട്ട്കൊച്ചി വെളി മൈതാനവും കച്ചവടത്തിനായി നല്‍കാറുണ്ട്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍നിന്ന് ഇതുവഴി ലക്ഷങ്ങളാണ് സര്‍ക്കാരിന്‌ ലഭിക്കുക. എന്നാല്‍ ഇത്തവണ ഇത്തരം ഭൂമികള്‍ റവന്യൂ അധികൃതര്‍വഴി നല്‍കാതെ കാര്‍ണിവല്‍ കമ്മിറ്റി വഴി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.


ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം മുഹമ്മദ് ഷിയാസ് എംഎല്‍എ, കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതായാണ് വിവരം. കച്ചവടം, ഫ്ലവര്‍ ഷോ, അമ്യൂസ്മെന്റ് പാർക്ക്‌ തുടങ്ങിയവയ്‌ക്കായി കൊച്ചി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഫോര്‍ട്ട്കൊച്ചി ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെയും കടപ്പുറത്തെയും ഭൂമിക്ക് കൂടുതല്‍ ആളുകള്‍ അപേക്ഷ നല്‍കിയതിനാല്‍ ഇതിനായി വ്യാഴാഴ്‌ച ലേലം നിശ്ചയിച്ചിരുന്നു.


ഇവരില്‍നിന്ന് നിരതദ്രവ്യം ഈടാക്കിയതായും പറയുന്നു. എന്നാല്‍ ലേലനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ താലൂക്ക് അധികൃതര്‍ തീരുമാനിച്ചതായാണ് വിവരം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം റവന്യൂ വകുപ്പ് നേരിട്ട് നല്‍കി, സര്‍ക്കാരിന് വരുമാനം ലഭിച്ചിരുന്ന ഭൂമിയുടെ നിയന്ത്രണം കാര്‍ണിവല്‍ കമ്മിറ്റിയിലേക്ക് ചുരുക്കുവാനുള്ള നീക്കം വലിയ അഴിമതിയ്‌ക്ക് ഇടയാക്കുമെന്നാണ് ആക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home