അനധികൃത പാർക്കിങ്: അപകടഭീഷണിയിൽ യാത്രക്കാർ

വള്ളത്തോൾ ജങ്‌ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിന് അരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ
കാക്കനാട്
സീപോർട്ട്–എയർപോർട്ട് റോഡിലെ വള്ളത്തോൾ ജങ്‌ഷനിൽ അനധികൃത വാഹന പാർക്കിങ് അപകടഭീഷണി ഉയർത്തുന്നു. റോഡരികിൽ ചെറുതും വലുതുമായ വാഹനങ്ങൾ നിരനിരയായി നിർത്തിയിടുന്നത് ഗതാഗതത്തെ ബാധിക്കുന്നതിനൊപ്പം കാൽനടയാത്രക്കാരുടെ സുരക്ഷയും അപകടത്തിലാക്കുകയാണ്. പല ദിവസവും കാൽനടക്കാർക്കായി മാറ്റിവച്ച ഭാഗം പൂർണമായും വാഹനങ്ങൾ കൈയടക്കുന്നു. വള്ളത്തോൾ ജങ്‌ഷനിൽനിന്ന് ജഡ്ജിമുക്കിലേക്ക് തിരിയുന്ന ഭാഗത്തും മുണ്ടമ്പാലത്തേക്ക് തിരിയുന്ന ഭാഗത്തും അപകടങ്ങൾ കൂടി.
പ്രധാന പാതയിൽ വലിയ അപകടം സംഭവിക്കുന്നതിനുമുമ്പ് അനധികൃത പാർക്കിങ്ങിനെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
സീപോർട്ട് റോഡിലെ കലക്ടറേറ്റ് ഭാഗത്തും സമാനമായ രീതിയിൽ വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളടക്കം കയറ്റിയ ടാങ്കറുകൾ ഉൾപ്പെടെയാണ് റോഡരികിൽ ഒതുക്കിയിടുന്നത്. യാത്രയ്ക്കിടെ ഡ്രൈവർമാരുടെ വിശ്രമത്തിനും ഭക്ഷണത്തിനുമായാണ് പല ടാങ്കറുകളും ഇവിടെ നിർത്തുന്നത്. മറ്റ് ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന വാഹനങ്ങളാണ് കൂടുതലും.






0 comments