മാധ്യമപ്രവർത്തകനാകണോ? ദാ ആയിരം രൂപയ്‌ക്ക് തിരിച്ചറിയൽ കാർഡ്


ശ്രീരാജ് ഓണക്കൂർ
Published on Jun 12, 2026, 12:53 AM | 1 min read
കൊച്ചി
മീഡിയ തിരിച്ചറിയൽ കാർഡുകൾ സമൂഹമാധ്യമങ്ങളിൽ വിൽപ്പനയ്‌ക്ക്. ആയിരം രൂപയിൽ താഴെ മുടക്കിയാൽ നിങ്ങൾ മാധ്യമപ്രവർത്തകനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കാം. നിങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ 999 രൂപമുതൽ ലഭിക്കും. സമൂഹമാധ്യമങ്ങളിൽ ആകർഷകമായ പരസ്യം നൽകിയാണ് സൈബർ തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ‘ഇന്ത്യൻ പ്രസ് യൂണിയൻ’ പോലെയുള്ള പേരുകളാണ് തട്ടിപ്പുസംഘം നൽകുക. പരസ്യത്തിലുള്ള വാട്‌സാപ് നന്പറിൽ ബന്ധപ്പെടാനാണ് മിക്കവാറും ആവശ്യപ്പെടുക.
ഇതിൽ സന്ദേശമയച്ചാൽ ലിങ്ക് അയച്ചുതരും. ലിങ്കിൽ ക്ലിക് ചെയ്‌താൽ എത്തുക വെബ്‌സൈറ്റിലാണ്. നിങ്ങളുടെ പേരും വിലാസവും മൊബൈൽ നന്പറുമെല്ലാം ഇതിൽ നൽകണം. ചിലപ്പോൾ ആധാർ കാർഡ്, പാൻകാർഡ് വിവരങ്ങളും ചോദിക്കും. ഇത്തരത്തിൽ വ്യാപക ഡാറ്റ ചോർത്തലും സംഘം ലക്ഷ്യമിടുന്നുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
വിവരങ്ങൾ നൽകിയാൽ 999 രൂപയ്‌ക്ക് നിങ്ങൾക്ക് ഇന്ത്യൻ പ്രസ് യൂണിയന്റെ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് ലഭിക്കും.
യഥാർഥ തിരിച്ചറിയൽ കാർഡിന് 1799 മുതലാണ് വില. രൂപ നൽകിയാൽ നിങ്ങൾക്ക് കാർഡ് അയച്ചുതരുമെന്ന് സംഘം അവകാശപ്പെടും. വളരെക്കുറച്ച് തിരിച്ചറിയൽ കാർഡുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നാണ് പരസ്യത്തിൽ പറയുക. കാർഡ് ലഭിക്കാൻ പ്രത്യേക പരീക്ഷ എഴുതേണ്ടതില്ലെന്നും പ്രത്യേക യോഗ്യത തെളിയിക്കേണ്ടതില്ലെന്നും വാഗ്‌ദാനങ്ങളിലുണ്ട്.
വെബ്‌സൈറ്റിന്റെ ആസ്ഥാനം മിക്കവാറും യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും. പണം അടച്ചാൽ കാർഡ് ലഭിക്കണമെന്നില്ല. അഥവാ ലഭിച്ചാൽ അതുകൊണ്ട് മാധ്യമപ്രവർത്തകനാണെന്ന് നിങ്ങൾക്ക് തെളിയിക്കാനുമാകില്ല. ഇത്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടാൽ അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അഥവാ തട്ടിപ്പിനിരയായാൽ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930 ലോ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ പരാതി രജിസ്‌റ്റർ ചെയ്യുക.










0 comments