വർണമഴ തീർത്ത് ഹോളി ആഘോഷം

മട്ടാഞ്ചേരി
വർണപ്പൊടികളും നിറങ്ങൾ കലക്കിയ വെള്ളവും പരസ്പരം ശരീരത്തിൽ കോരിയെറിഞ്ഞുള്ള ഹോളി ആഘോഷം കൊച്ചിയുടെ തെരുവീഥികളെ ആഹ്ലാദത്തിമിർപ്പിലാക്കി. വടക്കേയിന്ത്യൻ സമൂഹത്തോടൊപ്പം മലയാളികളും വിദേശസഞ്ചാരികളും ആഘോഷത്തിൽ പങ്കെടുത്തു. ഫാൽഗുനമാസ പൗർണമിനാളിൽ രാക്ഷസരൂപി ഹോളികയെ അഗ്നിക്കിരയാക്കുന്നതിന്റെ പ്രതീകമായുള്ള ചടങ്ങുകൾക്കുശേഷമാണ് ഹോളി ആഘോഷം നടന്നത്.
പൈതൃക വാണിജ്യ നഗരികളിലെ ഹോളി ആഘോഷങ്ങളിൽ ദേശ, ഭാഷാ, വ്യത്യാസമന്യേയുള്ള ജനകീയ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ഹോളിയിൽ പങ്കെടുക്കാൻ ഇതരദേശങ്ങളിൽനിന്ന് തലമുറകൾ നാട്ടിലെത്തുന്നത് ആഘോഷകേന്ദ്രങ്ങളെ സജീവമാക്കി. വടക്കേയിന്ത്യക്കാരും കൊങ്കണി, കന്നഡ ദേശക്കാരും മലയാളിസമാജങ്ങളും ആഘോഷലഹരിയിലമര്‍ന്നു. ഗുജറാത്തി റോഡ്, പാലസ് റോഡ്, ചെറളായി അമരാവതി, ദ്രോണാചാര്യ, മുണ്ടംവേലി, നേവൽ ബേസ്, കഠാരി ബാഗ്, ടിഡി റോഡ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികേന്ദ്രങ്ങളിലും ഹോളി വിപുലമായി കൊണ്ടാടി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ഹോളിയാഘോഷങ്ങളിൽ വിദേശവിനോദസഞ്ചാരികളും പങ്കെടുത്തു.










0 comments