എച്ച്എംടി പാക്കേജ്
ഫലപ്രദമാകാൻ സംസ്ഥാന സർക്കാർ ഇടപെടണം:- കെ ചന്ദ്രൻപിള്ള

കളമശേരി
കേന്ദ്ര ഘനവ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ച എച്ച്എംടി നവീകരണ പാക്കേജ് കളമശേരി യൂണിറ്റിൽ ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ ചന്ദ്രൻപിള്ള വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രതിസന്ധിയിലായ കമ്പനിയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തനമൂലധനം, മാനേജ്മെന്റ് - തൊഴിലാളി നിയമനം, 1997ലെ ശമ്പളം പുതുക്കിനിശ്ചയിക്കൽ, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ തീർപ്പാക്കൽ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു.
868 ഏക്കർ ഭൂമിയുണ്ടായിരുന്ന കമ്പനിക്ക് 374 ഏക്കർമാത്രമാണ് നിലവിലുള്ളത്. അവശേഷിക്കുന്ന ഭൂമിയിൽ സീപോർട്ട് - എയർപോർട്ട് റോഡിന്റെയും ജൂഡീഷ്യൽ സിറ്റിയുടെയും ഭൂമി ഏറ്റെടുക്കൽ സന്ദർഭത്തിൽ ലഭിക്കുന്ന തുക കളമശേരി യൂണിറ്റിന് പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം. എച്ച്എംടി ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശനമായ നിലപാടും സ്വീകരിക്കണം.
എച്ച്എംടി മെഷീൻ ടൂൾസ് പുനരുജ്ജീവിപ്പിക്കുമ്പോൾ വലിയ സൗകര്യങ്ങൾ സംസ്ഥാനത്തിന് ലഭ്യമാണ്. കമ്പനിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് യുവജനങ്ങളുടെ നൈപുണ്യ വികസനത്തിന് സാങ്കേതിക - വ്യവസായ വകുപ്പുകൾക്ക് കമ്പനി മാനേജ്മെന്റുമായി ചേർന്ന് മികച്ച പദ്ധതി ആവിഷ്‌കരിക്കാം. ഹ്രസ്വകാല, ദീർഘകാല സാങ്കേതിക കോഴ്‌സുകൾ വഴി യുവജനങ്ങൾക്ക് തൊഴിൽസാധ്യത ഉയർത്താനും സംസ്ഥാന സർക്കാരിന്റെ ഇടപെടൽവഴി സാധിക്കുമെന്നും കെ ചന്ദ്രൻപിള്ള പറഞ്ഞു.










0 comments