ad
Deshabhimani

കാറ്റും മഴയും: പള്ളുരുത്തിയിൽ 
വീടുകൾക്ക്‌ നാശം

heavy rain

പെരുമ്പടപ്പില്‍ മരം വീണ് തകര്‍ന്ന കാനപ്പിള്ളി അലക്സിന്റെ വീട്

വെബ് ഡെസ്ക്

Published on May 14, 2026, 01:59 AM | 1 min read

പള്ളുരുത്തി


ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പള്ളുരുത്തി മേഖലയില്‍ വ്യാപക നാശം. പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലാണ് നാശനഷ്ടങ്ങള്‍ കൂടുതലായും ഉണ്ടായത്. ഒരു വീട്‌ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു.


കാറ്റില്‍ മരങ്ങള്‍ വീണ്‌ 36 വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു. പെരുമ്പടപ്പ് സാന്താക്രൂസ് പള്ളിക്കുസമീപം കാനപ്പള്ളി അലക്സിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നു. അലക്സിന്റെ ഭാര്യയും മകനും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ആളപായമുണ്ടായില്ല. കൗണ്‍സിലര്‍ ലിഖിത വീട് സന്ദര്‍ശിച്ചു. ചേമ്പുംകണ്ടത്ത് പ്ലാവ് വീണ് ഉണ്ണിയുടെ വീട് ഭാഗികമായി തകര്‍ന്നു. പെരുമ്പടപ്പ് ശ്രീധരന്‍ റോഡിലും പെരുമ്പടപ്പ് കോണത്തും മരം വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു.


ഇടക്കൊച്ചി അംബേദ്കർ റോഡിൽ കളപ്പുരക്കൽ ജിജിയുടെ വീട്ടിലേക്ക് വീട്ടുവളപ്പിൽ നിന്നിരുന്ന കൂറ്റൻമാവ് കടപുഴകി ഓടുമേഞ്ഞ പുരയിലേക്ക് വീണ് നാശനഷ്ടമുണ്ടായി. ചെല്ലാനത്ത് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചെല്ലാനം 20–ാം വാർഡിൽ സേവ്യർ കല്ലുവീട്ടിൽ, തറേപറമ്പിൽ ജോൺസൺ എന്നിവരുടെ വീടുകൾക്കും നാശമുണ്ടായി. വീടുകളുടെ ഷീറ്റും മേൽക്കൂരയും കാറ്റിൽ പറന്നുപോയി. പലയിടങ്ങളിലുംവൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകി വൈദ്യുതി പുനഃസ്ഥാപിച്ചു.


25 വീടുകൾക്ക്‌ കേടുപാട്‌, കോതമംഗലത്ത്‌ 
65 ലക്ഷത്തിന്റെ കൃഷിനാശം


കോതമംഗലം


താലൂക്കില്‍ ചൊവ്വാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും കാര്‍ഷികമേഖലക്ക് 65 ലക്ഷം രൂപയുടെ നഷ്ടമെന്ന് കൃഷിവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 150 കര്‍ഷകരുടെ വിളകൾ നശിച്ചു. പിണ്ടിമന പഞ്ചായത്തിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. കീരമ്പാറ, കുട്ടമ്പുഴ, കോട്ടപ്പടി, പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും കാറ്റ്‌ നാശം വിതച്ചു.


കുലച്ചതുള്‍പ്പെടെ നാലായിരത്തോളം ഏത്തവാഴകളും ഒന്നര ഹെക്ടറിലെ കപ്പ കൃഷിയും നശിച്ചിട്ടുണ്ട്. 850 റബര്‍ മരങ്ങളും നാനൂറോളം ജാതിമരങ്ങളും 150ഓളം കമുകും മുപ്പതോളം കൊക്കൊമരങ്ങളും നശിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലായി ഇരുപത്തഞ്ച്‌ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചില വീടുകളില്‍ വീട്ടുപകരണങ്ങളടക്കം നശിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ നൂറോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home