വേനല്‍മഴയും കാറ്റും
ദുരിതത്തിലായി കര്‍ഷകര്‍; 686.68 ഹെക്ടര്‍ കൃഷിനാശം


സ്വന്തം ലേഖകൻ
Published on May 26, 2026, 02:33 AM | 1 min read
കൊച്ചി
ശക്തമായ വേനല്‍ മഴയിലും വീശിയടിച്ച കാറ്റിലും പ്രതീക്ഷയറ്റ് ജില്ലയിലെ കര്‍ഷകര്‍. ഏപ്രില്‍ ഒന്നുമുതല്‍ മെയ് 15 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 23.90 കോടി രൂപയുടെ കൃഷിനാശമാണ് രേഖപ്പെടുത്തിയത്. 686.68 ഹെക്ടറിൽ കൃഷിചെയ്തിരുന്ന 8441 കര്‍ഷകര്‍ക്ക് കൃഷിനാശം നേരിട്ടു.
നെടുമ്പാശേരിയിലാണ് കൂടുതല്‍ നാശനഷ്ടം, 6.43 കോടി രൂപയുടെ കൃഷിനാശമെന്നാണ് കണക്ക്. 81.25 ഹെക്ടറില്‍ 1540 കര്‍ഷകര്‍ നാശനഷ്ടം നേരിട്ടു. അങ്കമാലിയില്‍ 46.52 ഹെക്ടറിലായി 1697 കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചു. 5.20 കോടിയുടെ നാശനഷ്ടമാണ് ഇവിടെ രേഖപ്പെടുത്തിയത്.
കോതമംഗലത്ത് 102.32 ഹെക്ടറിൽ 1424 കര്‍ഷകര്‍ക്കും പെരുമ്പാവൂരിൽ 39.07 ഹെക്ടറിലായി 1312 പേര്‍ക്കും മൂവാറ്റുപുഴയില്‍ 336.55 ഹെക്ടറില്‍ 970 പേര്‍ക്കും ആലുവയിൽ 37.89 ഹെക്ടറിലായി 484 കർഷകർക്കും നാശനഷ്ടം നേരിടേണ്ടിവന്നു. കീഴ്മാട് 18.44 ഹെക്ടറിലും പൂതൃക്കയിൽ 14.38 ഹെക്ടറിലും കൃഷിനാശം രേഖപ്പെടുത്തി. കളമശേരി, മുളന്തുരുത്തി, പിറവം, പറവൂർ, ഞാറയ്ക്കൽ എന്നിവിടങ്ങളിലായി 500-ഓളം കർഷകർക്ക് നാശനഷ്ടം സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. മെയ് അഞ്ചുമുതല്‍ 15 വരെ മാത്രം 72.44 ഹെക്ടറിൽ 1274 പേരുടെ കൃഷിയാണ് നശിച്ചത്. 2.54 കോടിയുടെ നഷ്ടം രേഖപ്പെടുത്തി.
രണ്ടാഴ്ചയ്ക്കിടെ കോതമംഗലത്ത് മാത്രം 54 ഹെക്ടറോളം കൃഷി നാശിച്ചു. 764 കർഷകരാണ് ദുരിതം നേരിട്ടത്. വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും നാണ്യവിളകളും വ്യാപകമായി നശിച്ചു. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് വാഴക്കൃഷിയിലാണ്. വിവിധയിടങ്ങളില്‍ നെൽക്കൃഷിയും നശിച്ചിട്ടുണ്ട്. ഹെക്ടറുകണക്കിന് റബറും തെങ്ങും ഉൾപ്പെടെ നിലംപൊത്തി. പ്രതികൂല കാലാവസ്ഥയും രാസവള പ്രതിസന്ധിയും വന്യമൃഗശല്യവും കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കി. കാലവർഷംകൂടി എത്തുന്നതോടെ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.










0 comments