നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സമാപിച്ചു

ഹജ്ജ് ക്യാമ്പിന്റെ സമാപനസമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്‌ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിനുള്ള അവസാന വിമാനം കൊച്ചിയിൽനിന്ന് ചൊവ്വ പുലർച്ചെ 1.05ന് യാത്രയായി. ഏപ്രിൽ 30 മുതൽ മെയ് 19 വരെ 21 വിമാനങ്ങളിലായി 8341 പേരാണ് ഇവിടെനിന്ന് യാത്രയായത്. ഇതിൽ 2849 പുരുഷന്മാരും 5492 സ്ത്രീകളുമാണ്. സ്ത്രീകൾക്കായി പ്രത്യേകം ആറ് വിമാനങ്ങളും സജ്ജമാക്കിയിരുന്നു. ലക്ഷദ്വീപിൽനിന്ന് 106ഉം, തമിഴ്‌നാട്– 262, കർണാടകം– 17, പോണ്ടിച്ചേരി (മാഹി)– 12, യുപി– 3 പേരുമുണ്ടായി. ചൊവ്വ പുലർച്ചെ 12.35നും 1.05നുമുള്ള രണ്ട് വിമാനങ്ങളിലായി 217 പേരാണ് യാത്രതിരിച്ചത്.
ഈവർഷം ആരംഭിച്ച ഷോർട്ട് ഹജ്ജിന് മെയ് 17 മുതൽ 19 വരെ നാല് വിമാനങ്ങളിലായി 533 പുരുഷന്മാരും 528 സ്ത്രീകളും ഉൾപ്പെടെ 1061 തീർഥാടകരാണ് പുറപ്പെട്ടത്. ഫ്‌ളൈനാസ് എയർവേയ്‌സാണ് കൊച്ചിയിൽനിന്ന് യാത്രയ്‌ക്കായുള്ള വിമാനങ്ങൾ സജ്ജീകരിച്ചത്.
സമാപനസമ്മേളനം ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്‌ഘാടനം ചെയ്തു. സിയാൽ ഡയറക്ടർ ജി മനു, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ നൂർ മുഹമ്മദ് നൂർഷാ, അഡ്വ. പി മൊയ്തീൻകുട്ടി ഹാജി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ഷംസുദ്ദീൻ അരിഞ്ചിറ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൽ ഗഫൂർ എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. ഹജ്ജ് സെൽ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും അനുമോദിച്ചു.










0 comments