കച്ചേരിത്താഴം ഗർത്തം വിദഗ്ധസംഘം പരിശോധിച്ചു

മൂവാറ്റുപുഴ
കച്ചേരിത്താഴത്തുണ്ടായ ഗർത്തം വിദഗ്ധസംഘം പരിശോധിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡീസിന്റെ വിദഗ്ധസംഘമാണ് വ്യാഴം വൈകിട്ട് റഡാർ ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഗർത്തം മൂടുന്നതിലും നിർമാണം നടത്തുന്നതിലും തീരുമാനമെടുക്കുക. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കിഫ്ബി എന്നിവയുടെ ഉന്നതതല സംഘം കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ എത്തിയിരുന്നു.
കച്ചേരിത്താഴത്ത് പാലത്തിലേക്കുള്ള റോഡിൽ ഇന്ത്യൻ ബേക്കറിയുടെ മുന്നിലെ കാനയിലൂടെയുള്ള വെള്ളം നഗരസഭയുടെ സ്ഥലത്തുകൂടി പുഴയിലേക്ക് തിരിച്ചുവിടാനും എതിർവശത്ത് രാജേശ്വരി ഹോട്ടലിന് മുൻവശംവരെയുള്ള പുതിയ കാനയിലെ വെള്ളം വലിയ കുഴലുകളിലൂടെ പുഴയിലേക്ക് ഒഴുക്കാനുമാണ് നിർദേശം.
ഗർത്തത്തിനടിയിൽ, ബലക്ഷയമുള്ള പഴയ കരിങ്കൽക്കെട്ടുള്ള കാന പൂർണമായി അടയ്ക്കും. നിലവിലുള്ള രണ്ടു കാനകളുടെ ആഴവും ഗർത്തത്തിനടിയിലെ വിസ്തൃതിയും കണ്ടെത്തുന്നതിനും മണ്ണിനടിയിൽ മറ്റു കാനകളുണ്ടോയെന്നും പരിശോധന നടത്തും. തുടർന്നാണ് ഇവ പൂർണമായി അടയ്‌ക്കുന്നതിൽ തീരുമാനമാകുക. നിർമാണത്തിന് മൂവാറ്റുപുഴ നഗരസഭയുടെ അനുമതി വാങ്ങണം. നിർമാണം നടത്തുക കെആർഎഫ്ബിയാണ്.
കിഫ്ബി പ്രിൻസിപ്പൽ ടെക്നിക്കൽ എക്സാമിൻ അരുൺ തോമസ്, കെഎച്ച്ആർഐ ജോയിന്റ് ഡയറക്ടർ ഷെമി എസ് ബാബു, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻനിയർ നിഷ ഐസക്, കെഎസ്ഇബി എൻജിനിയർ രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി.









0 comments