ad
Deshabhimani

കച്ചേരിത്താഴത്തെ ഗർത്തം: 
ഇന്ന്‌ വിദഗ്‌ധ പരിശോധന

gutter in road
വെബ് ഡെസ്ക്

Published on Aug 20, 2025, 03:20 AM | 1 min read


മൂവാറ്റുപുഴ

​കച്ചേരിത്താഴം പാലത്തിനുസമീപം എംസി റോഡിനുസമീപം രൂപപ്പെട്ട ഗർത്തം ബുധനാഴ്ച വിദഗ്‌ധർ പരിശോധിക്കും. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് പ്രോജക്ട് എക്സാമിനറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധിക്കുക. കുഴിയടയ്‌ക്കാനുള്ള പ്രവർത്തനങ്ങൾ മണ്ണിടിച്ചിൽ ഭീഷണിമൂലം നിർത്തി.


ഗർത്തമുണ്ടായ ഭാഗത്ത്, ടൗണിൽ റോഡ് നവീകരണം നടത്തുന്ന കെആർഎഫ്ബിയുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കി കുഴിച്ചത്. അടിയിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച കാനകളുടെ കോൺക്രീറ്റ് ഭാഗങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഇവ നീക്കി കുഴി നികത്താനായിരുന്നു ശ്രമം. മെറ്റൽ ഷീറ്റ് പൈലിങ്ങും പൂർത്തിയാക്കാനായില്ല. നഗരത്തിലെയും എംസി റോഡിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ചൊവ്വ രാവിലെമുതൽ പാലത്തിലൂടെ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 11നാണ്‌ റോഡിൽ ഗർത്തമുണ്ടായത്‌. കഴിഞ്ഞദിവസം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷീജ റാണി, അസിസ്റ്റന്റ് എൻജിനിയർ അരവിന്ദ് അനിൽകുമാർ എന്നിവർ പ്രാഥമിക പരിശോധന നടത്തിയിരുന്നു.


ഗർത്തമുണ്ടാകുന്നത്‌ 
രണ്ടാംതവണ

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനുസമീപം റോഡിൽ ഗർത്തമുണ്ടാകുന്നത് രണ്ടാംതവണ. 2022 ആഗസ്ത്‌ മൂന്നിന് പുലർച്ചെ ഇവിടെ മണ്ണിടിഞ്ഞ് ഗർത്തമുണ്ടായി. തുടർന്ന് കോൺക്രീറ്റും കല്ലുമുപയോഗിച്ച് നികത്തി ടാർ ചെയ്തതാണ്. മൂന്നു വർഷത്തിനുശേഷമാണ്‌ വീണ്ടും ഇടിഞ്ഞത്. സ്വകാര്യ സ്കൂളിലെ വാഹനം കുട്ടികളെ കയറ്റാൻ നിർത്തിയപ്പോൾ വാഹനത്തിന്റെ ഇടതുവശത്തെ മുൻചക്രം ടാറിൽ താഴ്ന്നു. തുടർന്നുള്ള പരിശോധനയിലാണ് ഗർത്തം കണ്ടെത്തിയത്. ദിവസവും ദൂരയാത്രക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എംസി റോഡിന്റെ ഭാഗമാണ്‌ ഇടിഞ്ഞിട്ടുള്ളത്‌. കിഫ്ബിയുടെ സഹായത്തോടെ നിലവിൽ ടൗണിൽ നടക്കുന്ന റോഡ് നിർമാണത്തിന്റെ ചുമതല കെആർഎഫ്ബിക്കാണ്. പിഒ ജങ്ഷൻമുതൽ കച്ചേരിത്താഴംവരെ നടത്തുന്ന നിർമാണത്തിന്റെ ഭാഗമായി ഗർത്തമുണ്ടായ ഭാഗവും പുനർനിർമിക്കണമെന്ന്‌ ആവശ്യമുയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home