ad
Deshabhimani

സ്കൂൾ ബസിന്റെ ചക്രം റോഡില്‍ താഴ്ന്നു ; കണ്ടെത്തിയത് വന്‍ ഗർത്തം

gutter in road
വെബ് ഡെസ്ക്

Published on Aug 12, 2025, 02:28 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനുസമീപം വീണ്ടും റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗർത്തമുണ്ടായി. എംസി റോഡരികില്‍ വിദ്യാര്‍ഥികളെ കയറ്റാൻ നിർത്തിയ സ്വകാര്യ സ്കൂൾ വാഹനം നിര്‍ത്തിയിടത്താണ് റോഡ് ഇടിഞ്ഞത്. വാഹനത്തിന്റെ മുൻചക്രം നിന്നിടത്ത് റോഡ് ഇടിഞ്ഞു, അവിടെയാണ്‌ വലിയ ഗർത്തം കണ്ടെത്തിയത്. തിങ്കൾ രാവിലെ ഒമ്പതിനാണ് സംഭവം. മൂവാറ്റുപുഴയിലെ സ്കൂൾ ബസാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. അപകടഭീഷണി തിരിച്ചറിഞ്ഞ ഉടന്‍, ഡ്രൈവർ ബസിൽനിന്ന് കുട്ടികളെ പുറത്തിറക്കി. ഇവരെ സ്കൂളിന്റെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. മൂവാറ്റുപുഴ പാെലീസ് സ്ഥലത്തെത്തി ബസ് അവിടെനിന്ന് മാറ്റി.


പൊതുമരാമത്തുവകുപ്പ് റോഡ് വിഭാഗം, കെആർഎഫ്ബി അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് ബസിന്റെ ചക്രം താഴ്ന്ന ഭാഗത്ത് ഗർത്തം കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ടാർ ഇളക്കിമാറ്റിപ്പോള്‍ മൂന്നു മീറ്റര്‍ വ്യാസമുള്ള ഗർത്തം കണ്ടെത്തി. ബിഎസ്എൻഎൽ ഉൾപ്പെടെ ടെലിഫോൺ കമ്പനികളുടെ കേബിളുകൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്.


രണ്ടാംതവണയാണ് ഇവിടെ ഗർത്തമുണ്ടാകുന്നത്. 2022 ആഗസ്ത്‌ മൂന്നിന് പുലർച്ചെ ഇതിന് തൊട്ടടുത്ത് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിരുന്നു. കോൺക്രീറ്റ് നിറച്ച് ഗര്‍ത്തം മൂടിയാണ് അന്ന് ടാർ ചെയ്തത്. ഈ ഭാഗം ഉള്‍പ്പെടെയാണ് ഇപ്പോള്‍ ഇടിഞ്ഞിട്ടുള്ളത്. കച്ചേരിത്താഴത്തുനിന്ന് പാലത്തിലേക്ക് കയറുന്നതിനുസമീപം പെരുമ്പാവൂർ, എറണാകുളം, കോതമംഗലം മേഖലയിലേക്കുള്ളവർ ബസ് കാത്തുനിൽക്കുന്ന പ്രധാന ബസ് സ്റ്റോപ്പും ഇതിനുസമീപമാണ്.


പിഒ ജങ്ഷൻമുതൽ കച്ചേരിത്താഴം പാലംവരെയുള്ള റോഡ് വികസനം നടത്തുന്നതിനൊപ്പം ഇവിടെ കുഴിച്ച് പരിശോധന നടത്തണമെന്നും ആവശ്യമുയർന്നു. കച്ചേരിത്താഴം ഭാഗത്തുനിന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുകുന്ന വലിയ കാന ഇവിടെ റോഡിനടിയിൽ ഉണ്ടായിരുന്നതായി അറിയുന്നു. കാലപ്പഴക്കത്താൽ മഴക്കാലത്ത് ഇവിടെ മണ്ണ്‌ ഇടിഞ്ഞുതാഴുന്നതാകാം ഗർത്തമുണ്ടാകാൻ കാരണമെന്നു കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home