ഗാന്ധി–ഗുരു ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി

പെരുമ്പാവൂർ
വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാലയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രാമോത്സവ് 2025ൽ അവതരിപ്പിച്ച ഗാന്ധി–-നാരായണ ഗുരു കൂടിക്കാഴ്ചയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. 1925ൽ വർക്കല ശിവഗിരി ആശ്രമത്തിൽ നടന്ന ചരിത്രസന്ദർഭത്തെയാണ് വായനശാലയിലെ വയോജനവിഭാഗമായ നന്മഗൃഹം, -ഗുരുസംഗമത്തില്‍ ആവിഷ്കരിച്ചത്.
ഗാന്ധിയായി ജോസ് ആന്റണിയും നാരായണ ഗുരുവായി ബിനേഷ് ബേബിയും വേഷമിട്ടു. വയോജനവേദിയിലെ 25 പ്രവർത്തകർ ആശ്രമത്തിലെ അന്തേവാസികളായും ഗാന്ധിക്കൊപ്പമെത്തിയ അനുയായികളായും വേഷമിട്ടു. ചരിത്രരേഖകളെ അടിസ്ഥാനമാക്കി എസ് ശ്രീകുമാർ തയ്യാറാക്കിയ നാടകാവിഷ്കാരത്തിന് എൽദോസ് യോഹന്നാന്‍ രംഗഭാഷയൊരുക്കി. ദലീമ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം എം മോഹനൻ അധ്യക്ഷനായി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, കെ കോമളവല്ലി, പി രാജൻ, ജി ആനന്ദകുമാർ എന്നിവർ സംസാരിച്ചു.









0 comments