അനീഷിന്റെ കൈകളുമായി ഗാേകുലപ്രിയൻ മടങ്ങി

കൊച്ചി
ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകൾ സ്വീകരിച്ച ഇരുപത്തിമൂന്നുകാരൻ വീട്ടിലേക്ക് മടങ്ങി. പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എ ആർ അനീഷ് പമ്പയിൽവച്ച് അപസ്മാരത്തെ തുടർന്ന് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ മസ്തിഷ്കമരണം സംഭവിച്ചു. അനീഷിന്റെ ആഗ്രഹപ്രകാരമാണ് കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽനിന്ന് അനീഷ് ദാനംചെയ്ത ഇരു കൈകളും സ്വീകരിച്ചത് സേലം സ്വദേശി ഗോകുലപ്രിയനായിരുന്നു. കുടുംബത്തോടൊപ്പം നടത്തുന്ന കോഴിഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതാഘാതം ഏറ്റാണ് ഗോകുലപ്രിയന് ഇരുകൈകളും നഷ്ടമായത്. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ അപകടത്തിൽ മരിച്ചു. 2018ലെ അപകടശേഷം ഗോകുലപ്രിയൻ കൃത്രിമക്കൈകൾ വച്ചുപിടിപ്പിച്ചെങ്കിലും സാധാരണജീവിതം വിദൂരസ്വപ്നമായിരുന്നു.
കൊച്ചി അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ഗോകുലപ്രിയന് കൈകൾ തുന്നിച്ചേർത്തത്. ഡോ. ബാലു സി ബാബു, ഡോ. ജെറി പോൾ, ഡോ. സുനിൽ രാജൻ, ഡോ. ജോർജ് കുര്യൻ, ഡോ. രവി ശങ്കരൻ തുടങ്ങിയവർ പങ്കാളികളായി. ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേക്കുമുറിച്ച് യാത്രയയപ്പ് നൽകി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ, ഡോ. പ്രതാപൻനായർ, കെസോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.










0 comments