ഫ്ലാറ്റ് തട്ടിപ്പ്; പ്രധാനപ്രതി പിടിയിൽ

കാക്കനാട്
തൃക്കാക്കര കേന്ദ്രീകരിച്ച് നടന്ന ഫ്ലാറ്റ് തട്ടിപ്പ് കേസിൽ പ്രധാനപ്രതി പി കെ ആശ (55) പൊലീസ് പിടിയിൽ. മകൻ മിഥുനൊപ്പം (25) ഇടക്കൊച്ചിയിലെ ഒളിയിടത്തിൽനിന്നാണ് പ്രത്യേക അന്വേഷകസംഘം ഇവരെ പിടികൂടിയത്.
തൃക്കാക്കര എസ്‌എച്ച്‌ഒ കിരൺ സി നായരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വ രാത്രി 11നാണ് ഇവരെ പിടികൂടുന്നത്. യുവാക്കളെ ആക്രമിച്ച കേസിൽ പ്രതിയായ മിഥുനും ഇവിടെ ഒളിവിലായിരുന്നു. ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ആശ ഒളിവിൽ കഴിയുന്നത്. ഇതേ കേസിൽ സാന്ദ്ര, മിന്റു മാണി എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് എന്ന സ്ഥാപനം തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റ് എന്നിവ പണയത്തിനോ, വാടകയ്‌ക്കോ എടുത്ത് യഥാർഥ ഉടമ അറിയാതെ കൂടുതൽ തുകയ്ക്ക് പണയത്തിന് നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഒരു കെട്ടിടം കാണിച്ച് ഒന്നിലേറെപ്പേരിൽനിന്ന് ഇവർ പണം തട്ടിയെടുത്തു. ഫ്ലാറ്റ് കിട്ടാതായവർ പരാതി നൽകിയതോടെയാണ് വ്യാപകമായി നടന്ന തട്ടിപ്പ് പുറത്തായത്.
തൃക്കാക്കര സ്റ്റേഷനിൽ മാത്രം എട്ട് കേസുകളിലായി 64 ലക്ഷം രൂപ തട്ടി. ഇൻഫോപാർക്ക്, മരട്, കടവന്ത്ര, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിലായി 14 കേസുകളിലായി രണ്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.










0 comments