മാസംതോറും നടക്കുന്നത് കാത്ത് ലാബ് സൗകര്യം ഉപയോ ഗിച്ചുള്ള 400 ചികിത്സകളും പരിശോധനകളും 15 ഓപ്പൺ ഹാർട്ട് ശസ്‌ത്രക്രിയകളും
ജനറൽ ആശുപത്രി ഹൃദ്‌രോഗ വിഭാഗത്തിൽ തിരക്കേറുന്നു

എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലെ കാത്ത് ലാബ്
ആർ ഹേമലത
Published on Jan 15, 2026, 02:49 AM | 2 min read
കൊച്ചി
രാജ്യചരിത്രത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വിജകരമായി പൂർത്തീകരിച്ച ആദ്യ ജില്ലാ ജനറൽ ആശുപത്രിയെന്ന ഖ്യാതിക്ക് പിന്നാലെ എറണാകുളം ജനറൽ ആശുപത്രി ഹൃദ്‌രോഗ വിഭാഗത്തിൽ തിരക്കേറുന്നു. 2014ൽ തുടങ്ങിയ ഹൃദ്‌രോഗ വിഭാഗത്തിൽ 2016ലാണ് കാത്ത് ലാബ് ആരംഭിച്ചത്. ഹൃദയം മാറ്റിവയ്‌ക്കൽ, ഓപ്പൺ ഹാർട്ട് എന്നിവ കൂടാതെ കാത്ത് ലാബ് സൗകര്യം ഉപയോഗപ്പെടുത്തിയുള്ള 35,000ത്തിലധികം ചികിത്സകളും പരിശോധനകളും ഇവിടെ ചെയ്‌തുകഴിഞ്ഞു. മാസംതോറും ഇത്തരത്തിൽ 400 ചികിത്സകളും പരിശോധനകളും 15 ഓപ്പൺ ഹാർട്ട് ശസ്‌ത്രക്രിയകളും ഇവിടെ നടക്കുന്നു.
രണ്ട് കാത്ത് ലാബുകൾ ഉള്ള ഏക ജനറൽ ആശുപത്രിയാണിത്. 2014ൽ ആണ് ഹൃദ്‌രോഗവിഭാഗം പ്രവർത്തനമാരംഭിച്ചത്. സംസ്ഥാന സർക്കാർ 70 കോടി രൂപ ചെലവഴിച്ച് നിർമിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ 2021 ആഗസ്‌തിൽ രണ്ടാമത്തെ കാത്ത് ലാബും വന്നതോടെ അത്യാധുനിക ചികിത്സകൾക്ക് തുടക്കമായി.

എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്
കാലിലെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനുള്ള പെരിഫറൽ ആൻജിയോപ്ലാസ്‌റ്റി, തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്ന കരോട്ടിഡ് ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ, കാർഡിയാക് റീസിംക്രണൈസേഷൻ തെറാപ്പി (സിആർടി), ശസ്‌ത്രക്രിയ കൂടാതെ വാൽവ് മാറ്റിവയ്‌ക്കുന്ന ടാവർ (ടിവിഎആർ), എവാർ (എവിഎആർ) തുടങ്ങിയ അതിസങ്കീർണ ശസ്‌ത്രക്രിയകൾ ഇവിടെ നടക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിന്റെയും ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിന്റെയും നിലവാരത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് കൺസൾട്ടന്റ് കാർഡിയോളജിസ്‌റ്റുമാരായ ഡോ. വിജോ ജോർജും ഡോ. പോൾ തോമസും പറഞ്ഞു.
തിങ്കൾ, വ്യാഴം ദിവസങ്ങളിലുള്ള കാർഡിയോ ഒപിയിൽ മുന്നൂറിലധികം രോഗികളാണ് എത്തുന്നത്. 45 ഐസിയു കിടക്കകൾ അടക്കം 85 കിടക്കകളുണ്ട്. സൂപ്പർ സ്‌പെഷ്യാലിറ്റി പ്രോഗ്രാമായ ഡിഎൻബിയും ഇവിടെ നടക്കുന്നുണ്ട്. ഒരോ വർഷവും രണ്ട് പിജി വിദ്യാർഥികളാണ് മൂന്നുവർഷത്തെ കോഴ്‌സ് പഠിക്കാൻ എത്തുന്നത്. രണ്ട് മുഴുവൻസമയ കാർഡിയോളജിസ്‌റ്റുകളും ജോലി ക്രമീകരണത്തിന്റെ ഭാഗമായി ആഴ്‌ചയിൽ മൂന്നുദിവസം മാത്രം സേവനം ചെയ്യുന്ന രണ്ട് പാർട്ട്‌ടൈം കാർഡിയോളജിസ്‌റ്റുകളും ആറ് പിജി വിദ്യാർഥികളും കരാർ വ്യവസ്ഥയിലുള്ള കാർഡിയോ തൊറാസിക് സർജനുമാണ് ഇവിടെയുള്ളത്. തിരക്കേറുന്നതനുസരിച്ച് രോഗികളെ പരിപാലിക്കാനും ചികിത്സിക്കാനും കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടിവരും. രണ്ട് കാത്ത് ലാബിലുമായി നാല് മുഴുവൻസമയ കാർഡിയോളജിസ്‌റ്റുകളെങ്കിലും വേണ്ടിവരും.










0 comments