എറണാകുളം ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം; കല്ലിടൽ ഇന്ന്

കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ പുതിയ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ്–ക്യാന്റീൻ സമുച്ചയം വരുന്നു. ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നാമത്തെ നിലയിൽ 75 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ്‌കോർട്ട്, അടുക്കള, കോൾഡ് സ്‌റ്റോറേജ് എന്നിവയുണ്ടാകും.
രണ്ടാമത്തെ നിലയിലാണ് രോഗികൾക്ക് ആവശ്യമായ ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തിക്കുക. മൂന്നാമത്തെ നിലയിൽ ഉൗട്ടുപുരയിലെ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കും. ഇതോടെ ഉൗട്ടുപുര 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റാനാകുമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർ ഷാ പറഞ്ഞു. കെട്ടിടത്തിന്റെ കല്ലിടൽ ചൊവ്വ രാവിലെ 10ന് ഹൈബി ഇൗഡൻ എംപി നിർവഹിക്കും. എംപിയുടെ പ്രാദേശിക വികസനഫണ്ട്, കൊച്ചിൻ ഷിപ്‌യാർഡ്, ബിപിസിഎൽ എന്നിവയുടെ സിഎസ്‌ആർ ഫണ്ട് എന്നിവ സംയോജിപ്പിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം.










0 comments