സൂപ്പറാണ് സാബു ജോർജ്

പൊറ്റക്കുഴി അക്ഷയ കേന്ദ്രത്തിൽ വോട്ട് അഭ്യർഥിച്ചെത്തിയ എറണാകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സാബു ജോർജിനൊപ്പം സെൽഫി എടുക്കുന്ന ജീവനക്കാരും പ്രദേശവാസികളും
കൊച്ചി
എറണാകുളത്തിന്റെ സ്വന്തം സ്ഥാനാർഥിയായി മാറിയതിന്റെ ആത്മവിശ്വാസത്തിൽ സാബു ജോർജിന്റെ പര്യടനം മുന്നേറുന്നു. ‘ജെൻസി’കളുടെമുതൽ മുതിർന്നവരുടെവരെ ഇഷ്ടം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ മുന്നേറ്റം. വോട്ട് അഭ്യർഥിക്കുന്പോൾ ലഭിക്കുന്ന പ്രതികരണങ്ങളിൽ തെളിയുന്നത് മാറ്റം ആഗ്രഹിക്കുന്ന എറണാകുളം മണ്ഡലത്തിന്റെ മനസ്സുകൂടിയാണ്.
ബുധനാഴ്ച രാവിലെ ചേരാനല്ലൂർ ഭാഗത്തായിരുന്നു പര്യടനം. കച്ചേരിപ്പടിയിൽ രാവിലെ സ്ഥാനാർഥി എത്തിയപ്പോൾ പിന്തുണയുമായി ആളുകൾ ചുറ്റുമെത്തി. എൽഡിഎഫ് സർക്കാരിന്റെ 10 വർഷത്തെ വികസനനേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും സ്ഥാനാർഥി ചുരുക്കം വാക്കുകളിൽ വിവരിച്ചു. സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ നടത്തിയ എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കണം. എറണാകുളത്ത് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും വിനയത്തോടെ അഭ്യർഥിച്ചു.
അമൃത് കാറ്ററിങ് ഉടമ എം എസ് ആന്റണിയെ കണ്ടു. യുദ്ധം കാരണം പാചകവാതകക്ഷാമം ഉള്ളതിനാൽ വലിയ ഓഡറുകൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് ആന്റണി പറഞ്ഞു. യുദ്ധം എല്ലാ മേഖലയെയും ബാധിക്കുകയാണെന്നും ഹോട്ടലുകൾ അടച്ചതുമൂലം നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പ്രയാസപ്പെടുന്നുവെന്നും സ്ഥാനാർഥിയും പറഞ്ഞു. ആന്റണിയുടെ അമ്മ പഞ്ചായത്തിലെ മുതിർന്ന വോട്ടർമാരിലൊരാളായ 104 വയസ്സുള്ള മേരിയെയും കണ്ട് വോട്ടഭ്യർഥിച്ചു. പള്ളിക്കവല ചിറ്റൂർ, കലൂർ നോർത്ത് ഭാഗങ്ങളിലും വോട്ടഭ്യർഥിച്ചു. വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചു.
സാബു ജോർജ് വ്യാഴാഴ്ച പെരുമാനൂർ, വടുതല ഭാഗങ്ങളിൽ പര്യടനം നടത്തും.
യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദിന്റെ പ്രചാരണ വാഹന ജാഥ തുടങ്ങി. ഹൈബി ഇൗഡൻ എംപി ഉദ്‌ഘാടനം ചെയ്‌തു. പച്ചാളം ജങ്‌ഷനിൽ നിന്നാരംഭിച്ച ജാഥ കാട്ടുങ്കൽ ജങ്‌ഷനിൽ സമാപിച്ചു.










0 comments