ഏലൂരിന്റെ തുടർവികസനത്തിന് രൂപരേഖ ; എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കളമശേരി
തുടർഭരണത്തിൽ വികസനത്തുടർച്ച ഉറപ്പാക്കാൻ പദ്ധതികളുമായി ഏലൂർ നഗരസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ല കമ്മിറ്റി അംഗം കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി എസ് സെൻ അധ്യക്ഷനായി.
മികവുറ്റ ഭരണത്തിന് 14 അവാർഡുകൾ ലഭിച്ച നഗരസഭയിലെ അനുബന്ധ വികസന മേഖലകൾക്കാണ് പ്രകടനപത്രിക ഊന്നൽ നൽകുന്നത്. ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സ, 100 ഏക്കറിലേക്ക് നെൽക്കൃഷി വ്യാപിപ്പിക്കൽ, തെരുവുനായശല്യം പരിഹരിക്കുന്നതിന് പ്രത്യേക കർമപരിപാടി എന്നിവ പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നു.
മുഴുവൻ വീടുകൾക്കും സൗരോർജ പദ്ധതി യാഥാർഥ്യമാക്കും. മഞ്ഞുമ്മലിലെ കുടിവെള്ളപദ്ധതി പൂർത്തിയാകുമ്പോൾ വിതരണത്തിന് പിവിസി പൈപ്പ് സ്ഥാപിക്കും.
സിഎസ്ആർ പദ്ധതിയിലെ പ്രതിദിന കുടിവെള്ളവിതരണം 1000 ലിറ്റർ ഉറപ്പാക്കും.
പയ്യപ്പിള്ളി ബാലൻ സാംസ്കാരികനിലയത്തെ സ്ഥിരംവേദിയാക്കി മാറ്റും. പ്രധാന നാല് വായനശാലകളും ഡിജിറ്റലാക്കും. 32 വാർഡുകളിലും മിനി വായനശാല, ഓൺലൈൻ ലൈബ്രറി, മത്സര പരീക്ഷയ്‌ക്ക് സൗജന്യ പരിശീലനം എന്നിവ ഏർപ്പെടുത്തും.
വെള്ളക്കെട്ടുനിവാരണം, സ്കൂൾ നവീകരണം, കെ സ്മാർട്ട് ജനകീയമാക്കൽ, നീന്തൽ പരിശീലനം, കായൽ ടൂറിസം തുടങ്ങി വിപുലമായ കർമപരിപാടികളാണ് പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നത്.
നഗരസഭാ ചെയർമാൻ എ ഡി സുജിൽ, എൽഡിഎഫ് നേതാക്കളായ എം ടി നിക്സൺ, ഹെൻട്രി സീമന്തി, കെ ബി സുലൈമാൻ, പി എ ഷിബു തുടങ്ങിയവർ സംസാരിച്ചു.








0 comments