എൽഡിഎഫ് പത്രികകൾ എതിരില്ലാതെ സ്വീകരിച്ചു
ഉത്തരത്തിലെ ഏലൂരിനായി നീക്കം; കൈയിലെ കളമശേരി പോയി

കളമശേരി
ഏലൂർ നഗരസഭയിലെ സ്ഥിരംസമിതികൾ പിടിക്കാൻ കളമശേരി നഗരസഭാ ചെയർപേഴ്‌സൺ തന്ത്രം ആവിഷ്കരിക്കുന്നതിനിടെ കളമശേരിയിലെ യുഡിഎഫിന്റെ പത്രികാസമർപ്പണം പാളി. ഏലൂർ നഗരസഭയുടെകൂടി ചുമതലയുണ്ടായിരുന്ന കെപിസിസി അംഗമാണ് ‘കരുനീക്കങ്ങൾക്കായി' ചൊവ്വ രാവിലെ ഏലൂരിലെത്തിയത്. എന്നാൽ, ഏലൂരിൽ ഒന്നും നടന്നതുമില്ല, കളമശേരിയിൽ സമയത്തിന് പത്രിക നൽകാനുമായില്ല.
യുഡിഎഫിൽ ലീഗും കോൺഗ്രസും തമ്മിലും കോൺഗ്രസിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലും രൂക്ഷമായ തർക്കം നിലനിൽക്കുകയാണ്. തർക്കംമൂലം കഴിഞ്ഞദിവസം വൈകിട്ടുവരെ കളമശേരിയിലെ സ്ഥിരംസമിതികളിലേക്ക് മത്സരിക്കുന്നവരെ തീരുമാനിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, എൽഡിഎഫിന് മുൻതൂക്കമുള്ള ഏലൂർ നഗരസഭയിൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷമാണ്. തന്ത്രങ്ങൾ ആവിഷ്കരിച്ച് കഴിയുന്നത്ര സ്ഥിരംസമിതികൾ പിടിക്കാനാണ് കളമശേരി നഗരസഭാ അധ്യക്ഷൻ ജമാൽ മണക്കാടൻ ഏലൂരിലെത്തിയത്. ഏലൂരിലെ ദൗത്യം ‘പൂർത്തിയാക്കി' വരാൻ ഏറെ സമയമെടുത്തതാണ് വിനയായത്. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ചൊവ്വ രാവിലെ 10.45ന് പത്രിക നൽകണമെന്നായിരുന്നു വരണാധികാരിയുടെ നിർദേശം. എൽഡിഎഫ് അംഗങ്ങൾ കൃത്യസമയത്ത് പത്രിക നൽകി. 11 ഓടെയാണ് യുഡിഎഫ് അംഗങ്ങൾ എത്തിയത്. സമയം കഴിഞ്ഞതോടെ ഇടത് അംഗങ്ങളുടെ എതിർപ്പിൽ യുഡിഎഫിന് പത്രിക സമർപ്പിക്കാനായില്ല. ഇതോടെ യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. എന്നാൽ, സമയപരിധിക്കകത്ത് ലഭിച്ച പത്രികകൾ സ്വീകരിച്ചതായും അവർ തെരഞ്ഞെടുക്കപ്പെട്ടതായും വരണാധികാരി അറിയിച്ചു.
തുടർന്ന് ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ബുധൻ പകൽ 11നുമുമ്പ് പത്രിക സമർപ്പിക്കാൻ വരണാധികാരി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കയാണ്.
മുതിർന്ന അംഗം വോട്ട് അസാധുവാക്കിയെന്ന് ആക്ഷേപം
എലൂർ നഗരസഭാ സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എ വിഭാഗക്കാരിയായ അംഗത്തിനുള്ള വോട്ട് ഐ ഗ്രൂപ്പ് അംഗം അസാധുവാക്കി. ക്ഷേമകാര്യ സമിതിയിലേക്ക് മത്സരിച്ച നസീറ റസാക്കിനുള്ള വോട്ട് 19–-ാംവാർഡിൽനിന്നുള്ള കോൺഗ്രസ് അംഗം ബിജി സുബ്രഹ്മണ്യനാണ് അസാധുവാക്കിയത്. മൂന്നാംവട്ടമാണ് ബിജി കൗൺസിലറാകുന്നത്. ഗ്രൂപ്പുപ്രശ്നം തീർക്കാൻ കളമശേരി നഗരസഭാ ചെയർമാൻകൂടിയായ കെപിസിസി അംഗം ക്യാമ്പ് ചെയ്ത് നടത്തിയ ശ്രമങ്ങളെ അവഗണിച്ചാണ് എ ഗ്രൂപ്പിൽനിന്ന് ഐ വിഭാഗത്തിലേക്ക് മാറിയ അംഗം വോട്ട് അസാധുവാക്കിയതെന്ന് ആക്ഷേപമുണ്ട്.
32 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 15ഉം യുഡിഎഫിന് 12ഉം എൻഡിഎക്ക് അഞ്ചും അംഗങ്ങളാണുള്ളത്. ആറ് സ്ഥിരംസമിതികളിൽ അഞ്ചും എൽഡിഎഫ് നേടി.










0 comments