രാപകലില്ലാതെ കാടിറങ്ങി കാട്ടാനക്കൂട്ടം; ആശങ്ക

മുട്ടത്തുപാറയിൽ കഴിഞ്ഞദിവസമെത്തിയ കാട്ടാന
കോതമംഗലം
കോട്ടപ്പടി പഞ്ചായത്തിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു.
കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്ന് ജനവാസമേഖലയിലേക്കാണ് കാട്ടാനക്കൂട്ടം എത്തുന്നത്. നിത്യേന ആനകള്‍ ജനവാസമേഖലകളിലിറങ്ങി കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടും കോട്ടപ്പടി പഞ്ചായത്ത് ഭരണസമിതിയോ വനംവകുപ്പോ നടപടി സ്വീകരിക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കുളങ്ങാട്ടുകുഴിയിലെ വീടിന്റെ മുറ്റത്ത് തിങ്കൾ രാത്രി ഒന്പതേകാലിന് നാല് കാട്ടുകൊന്പൻമാരെത്തി. വീടിനോട് ചേര്‍ന്നുനിന്ന വാഴ തീറ്റയാക്കിയശേഷം ആന മറ്റിടങ്ങള്‍ ലക്ഷ്യമാക്കി കൈയാലയും തകര്‍ത്ത് കടന്നുപോയി. മുട്ടത്തുപാറ മേഖലയിൽ ഒറ്റക്കിറങ്ങുന്ന പിടിയാനയും ഭീഷണിയായി മാറിയിട്ടുണ്ട്.
മുട്ടത്തുപാറ ഗവ. യുപി സ്കൂളിനടുത്താണ് കാട്ടാന എത്തുന്നത്.
പകൽ ജനവാസമേഖലകളില്‍ ചുറ്റിത്തിരിഞ്ഞ് നാശമുണ്ടാക്കിയശേഷം കോട്ടപ്പാറ വനത്തിലേക്ക് നീങ്ങും. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളില്‍ മാലിപ്പാറ, കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ ഭാഗങ്ങളിൽ ആന തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാക്കി. പടക്കം പൊട്ടിക്കുന്നുണ്ടെങ്കിലും ആന പിന്തിരിയാത്തതും മനുഷ്യസാന്നിധ്യമോ ബഹളമോ വകവയ്‌ക്കാത്തതും നാട്ടുകാരിൽ ആശങ്ക ജനിപ്പിക്കുന്നു.










0 comments