ad
Deshabhimani

പുതുജീവന്റെ ഹൃദയതാളം ; ദുർഗ കാമി സാധാരണ ജീവിതത്തിലേക്ക്‌

heart surgery shibu
വെബ് ഡെസ്ക്

Published on Jan 22, 2026, 12:45 AM | 1 min read


കൊച്ചി

കേരളത്തിന്റെ കരുതലിൽ, എറണാകുളം ജനറൽ ആശുപത്രിയുടെ മികവിൽ ദുർഗ കാമി സാധാരണ ജീവിതത്തിലേക്ക്‌. ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ നേപ്പാള്‍ സ്വദേശിനി ദുർഗ കാമി (21) ജീവൻരക്ഷായന്ത്രങ്ങളുടെ സഹായമില്ലാതെ സാധാരണ ജീവിതത്തിലേക്ക് കടന്നു. 680 മണിക്കൂര്‍ എക്‌മോ പിന്തുണയ്‌ക്കുശേഷം അതിൽനിന്ന്‌ വിജയകരമായി മാറ്റി. എക്‌മോ പിന്തുണ മാറ്റാന്‍ താൽക്കാലികമായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം ബുധനാഴ്‌ച വെന്റിലേറ്ററില്‍നിന്നു മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ആഹാരം കഴിക്കുന്നുണ്ടെന്നും മസിലുകളുടെ ശേഷി വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി ആരംഭിച്ചതായും ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.


ഡിസംബർ 22നാണ്‌ രാജ്യത്ത്‌ ആദ്യമായി ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്‌. മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ്‌ ദുർഗയ്‌ക്ക്‌ മാറ്റിവച്ചത്‌.


ഹൃദയഭിത്തികൾക്ക്‌ കനംകൂടുന്ന ഹൈപ്പർ ഹെർഡിക്ടറി കാർഡിയോമയോപ്പതിയായിരുന്നു ദുർഗയ്‌ക്ക്‌. ഇതേ അസുഖം ബാധിച്ച്‌ അമ്മയെയും സഹോദരിയെയും നഷ്ടമായി. നേപ്പാൾ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിലാണ്‌ ബിരുദവിദ്യാർഥിനിയായ ദുർഗ വളർന്നത്‌. ലക്‌ന‍ൗവിലും കാഠ്‌മണ്ഡുവിലും ചികിത്സ നടത്തി. പിന്നീട്‌ ധർമപുരിയിലും അമൃത ആശുപത്രിയിലുമെത്തി. ഹൃദയം മാറ്റിവയ്‌ക്കലാണ്‌ പരിഹാരമെന്ന്‌ ഡോക്ടർമാർ വിധിയെഴുതി. സാന്പത്തിക പരാധീനതമൂലം തുടർചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു.


സഹോദരൻ തിലകിനൊപ്പം പോണേക്കരയിൽ സുമനസ്സുകളിൽ ഒരാൾ നൽകിയ വീട്ടിലായിരുന്നു താമസം. ശസ്‌ത്രക്രിയ വിജയകരമായി നടത്തിയശേഷം സഹോദരൻ തിലക്‌ സംസ്ഥാന സർക്കാരിനും ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം ഹൃദയംതൊടും വാക്കുകളിൽ നന്ദി അറിയിച്ചിരുന്നു. എൽഡിഎഫ്‌ സർക്കാർ കാലയളവിൽ കേരളത്തിന്റെ ആരോഗ്യരംഗം നേടിയ സമാനതകളില്ലാത്ത വളർച്ചയുടെയും കുതിപ്പിന്റെയും നേർസാക്ഷ്യംകൂടിയാണ്‌ ജനറൽ ആശുപത്രിയിലെ ഹൃദയമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home