മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നടപടി

കൊച്ചി
കൊച്ചി നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നടപടി. കാക്കനാട്–-ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന ഗോഡ്‌സൺ, ആലുവ–-ഐലൻഡ് റൂട്ടിലോടുന്ന ഗുരുദേവ്, പുക്കാട്ടുപടി-–-ഇടക്കൊച്ചി റൂട്ടിലോടുന്ന അറേബ്യൻ എന്നീ ബസുകളിലെ ഡ്രൈവർമാരെയാണ് പിടികൂടിയത്. യാത്രക്കാരുള്ള വാഹനങ്ങൾ, പകരം ഡ്രൈവർമാരെവച്ച് ട്രിപ്പ് പൂർത്തിയാക്കിയശേഷം ബസുകൾ കസ്റ്റഡിയിലെടുത്തു.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. കെഎസ്ആർടിസി ഉൾപ്പെടെ 50 ബസുകൾ പരിശോധിച്ചതിൽ 18 എണ്ണത്തിൽ നിയമലംഘനം കണ്ടെത്തി. നമ്പർപ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിലായിരുന്നു ചില ബസുകളിൽ. ഫസ്റ്റ് എയ്ഡ് ബോക്‌സ് ഇല്ലാത്തവയും കണ്ടെത്തി. ഈ ബസുകൾക്കെതിരെയും നടപടിയുണ്ടാകും. ബസുകളിലെ മത്സരയോട്ടം, നിയമലംഘനം തുടങ്ങിയ പരാതികൾ കൂടിയതിനെ തുടർന്ന് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ, ആർടിഒ (എൻഫോഴ്സ്‌മെന്റ്) സ്ക്വാഡ്, എറണാകുളം സിറ്റി പൊലീസ് എന്നിവ ചേർന്ന് ഹൈക്കോടതി ജങ്‌ഷൻ, കലൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. എഎംവിഐമാരായ ആർ ചന്തു, അരുൺ ശ്രീധർ, ദിനീഷ് കുമാർ, അജയ് മോഹൻദാസ്, കൊച്ചി സിറ്റി ട്രാഫിക് എസ്‌ഐ വി സന്തോഷ് കുമാർ, പി എം മധു, സിപിഒ പി ആർ ജഗേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.











0 comments