കൊച്ചി സിറ്റിയിൽ വൻ ലഹരിവേട്ട; രണ്ടുപേർ പടിയിൽ

കൊച്ചി
കൊച്ചി സിറ്റിയിൽ രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ രാസലഹരിയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചേരാനല്ലൂർ സിഗ്നൽ ജങ്‌ഷൻ ഭാഗത്തുനിന്ന് 247 ഗ്രാം മെത്താംഫിറ്റമിൻ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി എഴുപുന്ന സ്വദേശി ജീസ്‌മോൻ വർഗീസിനെ (24) ചേരാനല്ലൂർ പൊലീസ് പിടികൂടി.
ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വൻതോതിൽ എത്തിച്ച് ചെറുപൊതികളായി വിൽപ്പന നടത്തുന്നതാണ് ജീസ്‌മോന്റെ രീതി. ഇയാൾക്കെതിരെ പാലക്കാട് എക്സൈസിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. മയക്കുമരുന്ന് നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ ജെ കെ ജയശങ്കറിന്റെ നേതൃത്വത്തിൽ എസ്‌ഐ സുനിൽ ചൈതന്യ, എഎസ്‌ഐ നസീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ തോമസ് ജോർജ്, ജെനീഷ്, ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഏലൂരിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ഹൃദയ് (18) ആണ് പടിയിലായത്. ഏലൂർ മാതൃഭൂമി പ്രസിന് സമീപത്തുനിന്നാണ് 13.618 കിലോ കഞ്ചാവുമായി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
സെയ്ൻ മിയ എസ് കെ നെഹ്‌റുൽ
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കോതമംഗലം
നെല്ലിക്കുഴിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 1.093 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശികളായ സെയ്ൻ മിയ (36), എസ് കെ നെഹ്‌റുൽ (27) എന്നിവരെ അറസ്റ്റ് ചെയ്‌തത്.
റെയ്‌ഡിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ ടി സബിൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജി അഗസ്റ്റിൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി സി ദേദു, സിവിൽ എക്‌സൈസ് ഓഫീസർ എം എം അബിൻസ്, ഡ്രൈവർ നന്ദു ശേഖരൻ എന്നിവർ അന്വേഷകസംഘത്തിലുണ്ടായിരുന്നു.










0 comments