കുടിവെള്ളം മുടങ്ങി; നാട്ടുകാർ റോഡ് ഉപരോധിച്ചു

കാക്കനാട്
കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിൽ നാട്ടുകാർ തിങ്കൾ രാത്രി റോഡ് ഉപരോധിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിൽ കഴിഞ്ഞ അഞ്ചു ദിവസമായി കുടിവെള്ളവിതരണം മുടങ്ങിയതിനെ തുടർന്നാണ് റോഡ് ഉപരോധം.
ജല അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
തിങ്കൾ രാത്രി എട്ടിന് എൻജിഒ ഫ്ലാറ്റിലെ താമസക്കാരും സമീപവാസികളും സംഘടിച്ചെത്തി സമീപത്തെ നഗരസഭ ആരോഗ്യകേന്ദ്രത്തിനുമുന്നിൽ റോഡ് ഉപരോധം ആരംഭിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ റോഡിൽ നിന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. തൃക്കാക്കര എസ്എച്ച്ഒ എ കെ സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയെങ്കിലും സമരക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല.
സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ഏരിയകമ്മിറ്റി അംഗം കെ ആർ ജയചന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ എം എം സജിത്, വാർഡ് കൗൺസിലർ സജീന അക്ബർ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായും ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പ്രദേശത്തേക്കുള്ള വാൽവ് ഉടനെ തുറക്കാൻ തീരുമാനിച്ചു. ഇതോടെ രണ്ടു മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചു.








0 comments