ചെലവ് 28.82 കോടി രൂപ
പൈങ്ങോട്ടൂർ സമഗ്ര ശുദ്ധജല വിതരണ പദ്ധതി ; നിർമാണോദ്ഘാടനം നാളെ

പോത്താനിക്കാട്
കിഫ്ബി ധനസഹായത്തോടെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണോദ്ഘാടനം ചൊവ്വ പകല്‍ 12ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പദ്ധതിക്കായി 28.82 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. 2016–17 സംസ്ഥാന ബജറ്റിൽ 23 കോടി രൂപ അനുവദിച്ച് പ്രഖ്യാപിച്ച പദ്ധതി, വിശദ പദ്ധതിരേഖ തയ്യാറാക്കിയപ്പോൾ ചെലവ് 28.82 കോടി രൂപയായി ഉയരുകയും 2019ൽ കിഫ്ബിയിൽനിന്ന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. എന്നാൽ, സ്ഥലമേറ്റെടുക്കൽ, വനഭൂമി വിട്ടുകിട്ടൽ തുടങ്ങിയ നൂലാമാലകളിൽപ്പെട്ട് പദ്ധതി ഇഴഞ്ഞു. ഒടുവിൽ രണ്ടുവട്ടം ക്ഷണിച്ചിട്ടും കരാർ ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ടുവരാതിരുന്നതും പദ്ധതി വൈകാൻ കാരണമായി. ഇപ്പോൾ സാങ്കേതികപ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് പുതിയ കരാർ നൽകിയാണ് നിർമാണം ആരംഭിക്കുന്നത്.
കാളിയാർ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്തിൽ ആറുമീറ്റർ വ്യാസമുള്ള കിണറും പമ്പുഹൗസും 50 എച്ച്പി മോട്ടോറും സ്ഥാപിച്ച് പതിരിപ്പാറയിലെ 50 സെന്റിൽ സ്ഥാപിക്കുന്ന 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുചീകരണ പ്ലാന്റിലേക്ക് വെള്ളം പമ്പുചെയ്ത് എത്തിക്കും. ജലം ശുചീകരിച്ചശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്ന 3.5 ലക്ഷം, 1.2 ലക്ഷം, 4 ലക്ഷം, 4.2 ലക്ഷം ലിറ്റർവീതം സംഭരണശേഷിയുള്ള നാലുസംഭരണികളിൽ എത്തിക്കും. ഇവിടെനിന്നും വെള്ളം വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. 15 കിലോമീറ്റർ നീളത്തിൽ പമ്പിങ് ലൈനിനുള്ള പൈപ്പുകളും 47 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പ് ലൈനുകളും സ്ഥാപിക്കും. കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും.








0 comments