ഇന്ന് കുടിവെള്ളവിതരണം മുടങ്ങും
ജല അതോറിറ്റിയുടെ കുഴൽ പൊട്ടി ; കൊച്ചിയിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചു

കളമശേരി
ജലഅതോറിറ്റിയുടെ ആലുവ പമ്പുഹൗസിൽനിന്ന് കൊച്ചിയിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ ചോർച്ച. ഇതോടെ, കൊച്ചി മേഖലയിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചു. കളമശേരി വിടാക്കുഴ പൈപ്പ് ലൈൻ റോഡിനുചേർന്നുള്ള മുതലക്കുഴിയിലെ 20 വർഷത്തിലേറെ പഴക്കമുള്ള 1200എംഎം എംഎസ് പൈപ്പാണ് പൊട്ടിയത്. രണ്ടുദിവസംമുമ്പ് വൻതോതിൽ ചോര്‍ച്ച ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
നാലടിയോളം താഴ്ചയിലാണ് കുഴൽ കടന്നുപോകുന്നത്. ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. കുഴൽ പോകുന്ന ഭാഗത്ത് കുഴിച്ചപ്പോൾ വലിയചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് ജലഅതോറിറ്റി പമ്പിങ് നിർത്തി. പൊട്ടിയഭാഗം മുറിച്ചുമാറ്റി പുതിയ കുഴൽ കൂട്ടിച്ചേർക്കും.
പമ്പിങ് നിർത്തിയതോടെ തമ്മനം, എറണാകുളം, പള്ളിമുക്ക്, മട്ടാഞ്ചേരി, കരുവേലിപ്പടി, ഫോർട്ട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ളവിതരണം മുടങ്ങി.
വ്യാഴാഴ്ച ആലുവ പമ്പുഹൗസിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കുടിവെള്ളം വിതരണം ഉണ്ടാകില്ലെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. ബുധനാഴ്ചയും വെള്ളമില്ലാതായതോടെ തുടർച്ചയായി രണ്ടുദിവസം ഈ മേഖലയിൽ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
ഇന്ന് കുടിവെള്ളവിതരണം മുടങ്ങും
കൊച്ചി കോർപറേഷൻ, ആലുവ, കളമശേരി, ഏലൂർ, തൃക്കാക്കര നഗരസഭകൾ, എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ജലവിതരണം മുടങ്ങും. ആലുവ ജലശുദ്ധീകരണശാലയിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.








0 comments