ad
Deshabhimani

പറവൂരിൽ കുടിവെള്ളമില്ല

എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

ldf

പറവൂർ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ പറവൂർ ജല അതോറിറ്റി ഓഫീസിനുമുന്നിൽ നടത്തിയ സമരം സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 26, 2026, 01:14 AM | 1 min read

പറവൂർ


മൂന്നുദിവസമായി കുടിവെള്ളം കിട്ടാതായതോടെ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പറവൂർ ജല അതോറിറ്റി ഓഫീസിനുമുന്നിൽ സമരം നടത്തി.


പുറയാർ റെയിൽവേക്രോസിൽ ഫ്ലൈഓവർ നിർമിക്കുന്നതിന്റെ ഭാഗമായി, ചൊവ്വര ജലശുദ്ധീകരണശാലയിൽനിന്ന് പറവൂർ പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പറവൂർ, വൈപ്പിൻ നിയോജകമണ്ഡലങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. 23, 24 തീയതികളിൽ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അറിയിച്ചെങ്കിലും തിങ്കളാഴ്ചയും കിട്ടാതായതോടെയാണ് പ്രതിഷേധവുമായെത്തിയത്.


നിർമാണജോലികൾക്ക് ഒരുദിവസംകൂടി വേണ്ടിവന്നതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്നും ചൊവ്വമുതൽ പമ്പിങ് പുനരാരംഭിക്കുമെന്ന്‌ ജല അതോറിറ്റി അധികൃതർ പറഞ്ഞു. 72 മണിക്കൂറായി കുടിവെള്ളം കിട്ടാതായിട്ടും ബദൽസംവിധാനം ഒരുക്കാൻ നഗരസഭാ ഭരണനേതൃത്വവും പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥരും ഇടപെടാത്തത് പ്രതിഷേധാർഹമാണെന്ന് സമരക്കാർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടും പറവൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.


തുടർന്ന് സമരക്കാർ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി. ആലുവ ജലശുദ്ധീകരണശാലയിൽനിന്ന്‌ 30,000 ലിറ്റർ വെള്ളമെത്തിച്ച്‌ ടാങ്കറുകളിൽ നഗരസഭാ പ്രദേശത്ത് വിതരണം ചെയ്യാമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്‌. സമരം സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്‌തു. നഗരസഭാ പ്രതിപക്ഷനേതാവ് സി എ രാജീവ് അധ്യക്ഷനായി. കൗൺസിലർമാരായ കെ രാമചന്ദ്രൻ, കെ ജി ഹരിദാസൻ, ടൗൺ ഈസ്‌റ്റ് ലോക്കൽ സെക്രട്ടറി പി പി അജയകുമാർ, സിഐടിയു ഏരിയ സെക്രട്ടറി പി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home