കുടിവെള്ളം മുടങ്ങും
അറ്റകുറ്റപ്പണിക്കായി ആലുവ പ്ലാന്റ് അടച്ചു

ആലുവയിലെ കേരള വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാല
കൊച്ചി
ആലുവ ജലശുദ്ധീകരണ പ്ലാന്റ് വാർഷിക അറ്റകുറ്റപ്പണികൾക്കായി ബുധൻ പകൽ അടയ്‌ക്കും. ദിവസംമുഴുവൻ നീളുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായി കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. പണിതീർത്ത് വൈകിട്ട് ആറോടെ പമ്പിങ് പുനരാരംഭിക്കുമെങ്കിലും ജലവിതരണ ശൃംഖലയുടെ അവസാനഭാഗങ്ങളിൽ (ടെയ്‌ൽ എൻഡ് ഏരിയാസ്) കുടിവെള്ളമെത്താൻ ഏതാനും ദിവസങ്ങൾ വേണ്ടിവരും.
മഴക്കാലത്തിന് മുന്നോടിയായി പ്ലാന്റിലെ വൈദ്യുത ഉപകരണങ്ങളുടെ ശുചീകരണവും അറ്റകുറ്റപ്പണികളുമാണ് നടക്കുക. കഴിഞ്ഞവർഷം വാർഷിക അറ്റകുറ്റപ്പണി നടത്താത്തത് മഴക്കാലത്ത് ഈർപ്പം തങ്ങിനിന്ന് ഷോർട്ട് സർക്യൂട്ട് മൂലമുള്ള യന്ത്രത്തകരാറുകൾക്ക് കാരണമായിരുന്നു. ചൊവ്വ രാത്രിയോടെ ജലവിതരണം പൂർത്തിയാക്കി ടാങ്കുകൾ കാലിയാക്കിയിരുന്നു. ബുധൻ രാവിലെ എട്ടിന് ആലുവ കെഎസ്‌ഇബിയുമായി സഹകരിച്ച് ട്രാൻസ്‌ഫോർമറുകൾ, സബ്‌സ്റ്റേഷൻ എന്നിവ പരിശോധിക്കുന്നതിനൊപ്പം മോട്ടോറുകളുടെ ക്ഷമതയും പ്രവർത്തനവും നിരീക്ഷിക്കും. കേടുപാടുകളുണ്ടെങ്കിൽ പരിഹരിക്കും. പ്രധാന പൈപ്പ്‌ലൈനുകൾ കടന്നുപോകുന്ന ഇടങ്ങളിൽ രാത്രിയോടെ വിതരണം പുനഃസ്ഥാപിക്കും. എന്നാൽ, ഉയർന്ന പ്രദേശങ്ങളിലും വിദൂര മേഖലകളിലും വിതരണത്തിന് താമസം നേരിട്ടേക്കും.
കൊച്ചി കോർപറേഷൻ പരിധി, ആലുവ, കളമശേരി, ഏലൂർ, തൃക്കാക്കര നഗരസഭകൾ, എടത്തല, കീഴ്‌മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. ജലവിതരണത്തിന് വാട്ടർ അതോറിറ്റി താൽക്കാലിക/പകരം സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. വിദൂരപ്രദേശങ്ങളിൽ ജലവിതരണം സാധാരണനിലയിലാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, കരുവേലിപ്പടി തുടങ്ങിയ പടിഞ്ഞാറൻ കൊച്ചി മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമാകുക. ഫോർട്ട് കൊച്ചി വെസ്റ്റ് വെളി, കൽവത്തി ബസാർ റോഡ് ഭാഗം, മട്ടാഞ്ചേരി, പനയപ്പിള്ളി, ചക്കരക്കടവ്, കരുവേലിപ്പടി, നസ്രത്ത്, തോപ്പുംപടി, മൂലങ്കുഴി, ചുള്ളിക്കൽ, സൗദി, മനാശേരി, മുണ്ടംവേലി, ഇടക്കൊച്ചി നോർത്ത്, ഇടക്കൊച്ചി സൗത്ത്, പെരുമ്പടപ്പ്, പള്ളുരുത്തി കോന്നം തുടങ്ങിയ പ്രദേശങ്ങളിൽ പലതും വിതരണശൃംഖലയുടെ അവസാനഭാഗങ്ങളിൽ വരുന്നവയാണ്. ഇവിടങ്ങളിലേക്കുള്ള ശുദ്ധജലവിതരണം സാധാരണനിലയിലേക്കെത്താൻ രണ്ടുദിവസമെങ്കിലുമെടുത്തേക്കും.
ജലക്ഷാമം രൂക്ഷം
വേനൽ കടുത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലസ്രോതസ്സുകൾ വറ്റിയതോടെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്വകാര്യ ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതോടെ കുടിവെള്ളത്തിന്റെ നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. 1000 ലിറ്റർ വെള്ളത്തിന് 500 മുതൽ 800 രൂപവരെയാണ് വാങ്ങുന്നത്. 2000 ലിറ്ററിന് 1000–1200 രൂപയും 6000 ലിറ്ററിന് 1800–2000 രൂപയും 12,000 ലിറ്ററിന് 2500–2800 രൂപയും നൽകണം. ദൂരമനുസരിച്ചും ജലത്തിന്റെ സ്രോതസ്സ് അനുസരിച്ചും നിരക്കിൽ വ്യത്യാസമുണ്ട്. 12 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിന് കിലോമീറ്ററിന് 50 രൂപ അധികം നൽകണം. അപ്പാർട്ട്മെന്റുകൾ, ഹോസ്റ്റലുകൾ, ചെറുകിട വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ജലക്ഷാമം ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ ജോലികൾ നടക്കുന്നതും ചോർച്ചയും പ്രതിസന്ധി വർധിപ്പിച്ചു.










0 comments