ad
Deshabhimani

പമ്പിങ് തുടങ്ങിയെങ്കിലും 
വടക്കേക്കരയിൽ വെള്ളമില്ല

drinking water
വെബ് ഡെസ്ക്

Published on May 30, 2026, 02:33 AM | 1 min read

പറവൂർ


​പമ്പിങ് പുനരാരംഭിച്ചെങ്കിലും വടക്കേക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇപ്പോഴും കുടിവെള്ളം കിട്ടുന്നില്ല. ആറുദിവസംമുമ്പ് തുടങ്ങിയ പ്രതിസന്ധി പരിഹാരമില്ലാതെ നീളുകയാണ്. പറവൂരിൽനിന്ന് വടക്കേക്കരയിലേക്ക് നിശ്ചിത അളവിൽത്തന്നെ (അഞ്ച് എംഎൽഡി) വെള്ളം പമ്പ്‌ ചെയ്യുന്നുണ്ടെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നുണ്ടെങ്കിലും മാല്യങ്കര, കൊട്ടുവള്ളിക്കാട്, കുഞ്ഞിത്തൈ, വാവക്കാട് ഭാഗങ്ങളിൽ ലഭിക്കുന്നില്ലെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ് പറഞ്ഞു.


പറവൂരിലേക്ക് വെള്ളമെത്തിക്കുന്ന ചൊവ്വര പമ്പ്ഹൗസിൽ വൈദ്യുതി മുടങ്ങുമ്പോഴെല്ലാം പറവൂരിലും പ്രതിസന്ധിയുണ്ടാകും. ഒരുതവണ പമ്പിങ് മുടങ്ങി പുനരാരംഭിച്ചാലും പറവൂർ പമ്പ്ഹൗസിൽനിന്ന് ഏറെ ദൂരെയുള്ള വടക്കേക്കരയുടെ അറ്റത്തുള്ള പ്രദേശങ്ങളിൽ ജലം കിട്ടില്ല. മുൻ സർക്കാർ വകയിരുത്തിയ അഞ്ചു കോടി രൂപ ഉപയോഗിച്ച് ചൊവ്വരയിൽ ഭൂമിക്കടിയിലൂടെ വൈദ്യുതിലൈൻ വലിക്കുന്ന പദ്ധതി യാഥാർഥ്യമായാലെ തടസ്സം കൂടാതെ ജലവിതരണം നടത്താനാകൂ.


രണ്ട് വ്യക്‌തികൾ മാത്രം താമസിക്കുന്ന വീട്ടിൽപ്പോലും 20,000 ലിറ്ററിന്റെ ഭൂഗർഭ ടാങ്കുകൾ നിർമിച്ച് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാൻ ജല അതോറിറ്റി അധികൃതർ നടപടിയെടുക്കണമെന്നും പഞ്ചായത്തിലെ ജനസംഖ്യയുടെ അനുപാതത്തിൽ നൽകുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി ഡി സതീശനും ജലവിഭവമന്ത്രിക്കും കലക്ടർക്കും നിവേദനം നൽകിയതായി പ്രസിഡന്റ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home