വിനോദയാത്രയ്‌ക്ക് ഒരുങ്ങൂ
കെഎസ്‌ആർടിസി ഡബിൾ ഡക്കർ 13ന് നിരത്തിലിറങ്ങും

കൊച്ചി
കൊച്ചിക്കാഴ്‌ച ആസ്വദിച്ച് യാത്ര ചെയ്യാൻ കെഎസ്‌ആർടിസിയുടെ ഡബിൾ ഡക്കർ ഓപ്പൺ ബസ് 13ന് സർവീസ് ആരംഭിക്കും. ആലുവ കെഎസ്‌ആർടിസി വർക്‌ഷോപ്പിൽ അവസാനഘട്ട മിനുക്കുപണികളിലാണ് ബസ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ക്യൂൻസ് വാക്‌വേ, ഗോശ്രീ പാലം, കാളമുക്ക് ഹാർബർ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഡബിൾ ഡക്കർ, വിനോദസഞ്ചാരികൾക്ക് പുത്തൻകാഴ്‌ചയൊരുക്കും.
മൂന്നുഘട്ടങ്ങളിലായി ട്രയൽ റൺ നടത്തിയശേഷമാണ് വാഹനം സർവീസിന് ഒരുങ്ങുന്നത്. താഴെ നിലയിലും തുറന്ന മേൽഭാഗത്തിരുന്ന് കാറ്റുകൊണ്ടും നഗരക്കാഴ്‌ച ആസ്വദിക്കാം. ബസിന്റെ യാത്രയ്‌ക്ക് തടസ്സമായ വൃക്ഷശിഖരങ്ങൾ നീക്കി. വൈദ്യുത, കേബിൾ വയറുകൾ ഉയർത്തിക്കഴിഞ്ഞു.
കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് ഹൈക്കോടതി ജങ്‌ഷൻവഴി ക്യൂൻസ് വാക്‌വേ, ഗോശ്രീ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ കെഎസ്‌ആർടിസി സ്റ്റാൻഡിൽ എത്തുംവിധമാണ് യാത്ര. കൊച്ചി കോർപറേഷനുമായി സഹകരിച്ച് വൈകിട്ട് ഒരുമണിക്കൂർ സമയമെടുത്തുള്ള ഒരു യാത്രയാണ് ആദ്യഘട്ടത്തിൽ നടത്തുക.
ബസിൽ മികച്ച കുഷ്യൻ സീറ്റുകളും ഫാനും ഉണ്ടാകും. മധുരമൂറും ഗാനങ്ങളും കേൾക്കാം. യാത്രാനിരക്ക് നിശ്ചയിച്ചിട്ടില്ല. സഞ്ചാരികൾ ആവശ്യപ്പെടുന്നതിനനുസരിച്ച്, യാത്രയുടെ എണ്ണം വർധിപ്പിക്കാനും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങി കൂടുതൽ വിനോദസഞ്ചാരപ്രദേശങ്ങളിലേക്ക് യാത്ര വ്യാപിപ്പിക്കാനും കെഎസ്‌ആർടിസി ലക്ഷ്യമിടുന്നുണ്ട്.










0 comments