ജില്ലയ്‌ക്ക് പനിക്കുന്നു

എറണാകുളത്തെ കനാലുകളിലൊന്നിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞനിലയിൽ (ഫയൽ ചിത്രം)
കൊച്ചി
മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പാളിയതോടെ ജില്ലയിൽ രോഗങ്ങൾ പടരുകയാണ്. മേയിൽ മാത്രം പനിബാധിതരുടെ എണ്ണം പതിനായിരം കടന്നു. മെയ് ഒന്നുമുതൽ 31 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം പനിബാധിച്ച് ചികിത്സ തേടിയത് 12,776 പേർ. മെയ് 26ന് മാത്രം 609 പേരാണ് പനിക്ക് ചികിത്സ തേടിയത്. 12 ദിവസം അഞ്ഞൂറിലധികംപേർ പനിബാധിതരായിട്ടുണ്ട്.
ഡെങ്കിപ്പനിയും ചിക്കൻപോക്‌സും നാൾക്കുനാൾ കൂടുകയാണ്. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ചത് 138 പേർക്കാണ്. മെയ് 12ന് 18 പേർക്കും 27ന് 20 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 278 പേർക്കാണ് മേയിൽ ചിക്കൻപോക്‌സുണ്ടായത്. 137 പേർ മഞ്ഞപ്പിത്തത്തിനും ചികിത്സ തേടി. മലേറിയ, വെസ്‌റ്റ്‌നൈൽ പനി തുടങ്ങിയ അസുഖങ്ങളും ഇതിനകം ജില്ലയിൽ റിപ്പോർട്ട് ചെയ്‌തു. അമീബിക് മസ്‌തിഷ്‌ക ജ്വരം, ടൈഫോയിഡ്, ചിക്കൻപോക്‌സ് എന്നിവ ബാധിച്ചുള്ള മരണം ജില്ലയിലുണ്ടായി.
മൺസൂൺ മുന്നൊരുക്കം പാളിയതാണ് രോഗങ്ങളുടെ വ്യാപനത്തിന് മുഖ്യകാരണം. അധികാരക്കസേരക്കുവേണ്ടിയുള്ള യുഡിഎഫ് കടിപിടിയിൽ നഷ്ടമായത് നിർണായക ദിനങ്ങൾ. ഇതിനുപുറമെ കൊച്ചി കോർപറേഷൻ ഉൾപ്പെടെ യുഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ നിസംഗതയും അലംഭാവവവും കൂടിയായപ്പോൾ സാഹചര്യം കൂടുതൽ മോശമായി. മഴക്കാലപൂർവ ശുചീകരണത്തിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മാലിന്യനിർമാർജനത്തിനുമെല്ലാം കോർപറേഷനടക്കം ഗുരുതരവീഴ്‌ചയാണ് വരുത്തിയത്.










0 comments