ചെല്ലാനത്ത് ചുഴലിക്കാറ്റ്
16 വീടുകള്‍ തകര്‍ന്നു

ചെല്ലാനത്ത് ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട്
പള്ളുരുത്തി
ചെല്ലാനം തീരത്ത് നാശംവിതച്ച് ചുഴലിക്കാറ്റ്. വ്യാഴം പുലർച്ചെ 1.30 ഓടെയാണ് കണ്ടക്കടവ്, ചാളക്കടവ്, കാർത്യായനി ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റടിച്ചത്. ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
കടലിൽനിന്ന് അതിവേഗത്തിൽ കാറ്റ് കരയിലേക്ക് അടിക്കുകയായിരുന്നു. പുളിയംപള്ളി സേവ്യർ ടോണി, പൊള്ളയിൽ ജോസഫ് സേവ്യർ, കൊണ്ടപ്പശേരി ജോസഫ് സേവ്യർ, ചേനപ്പറമ്പിൽ ദേവസി അഗസ്റ്റിൻ എന്നിവരുടെ വീട് പൂർണമായി തകർന്നു. മേൽക്കൂര പൂർണമായും തകർന്നുവീണതോടെ താമസിക്കാൻ കഴിയാത്തസ്ഥിതിയായി. 12 വീടുകൾ ഭാഗികമായി തകർന്നു. തലയിൽ ഓട് വീണ് ചിലർക്ക് നിസാര പരിക്കുകളും സംഭവിച്ചു.
വലിയശബ്ദത്തോടെ വീശിയ കാറ്റിൽ പലതും തകർന്നുവീഴുന്ന ഒച്ച കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയായി വീടുവിട്ട് പുറത്തേക്ക് ഓടി. തകർന്ന വീടുകൾ കെ ജെ മാക്സി എംഎൽഎ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായും കലക്ടറുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. വീട് തകർന്നവർക്ക് അടിയന്തര സഹായം ഉറപ്പുവരുത്തുമെന്നും ലൈഫിൽ ഉൾപ്പെടുത്തി വീട് നിർമാണം നടത്തുമെന്നും എംഎൽഎ പറഞ്ഞു.









0 comments